തിരുവനന്തപുരം: എസ്.ഐ.ആറിൽ കണ്ടെത്താനാകാത്ത 25 ലക്ഷത്തോളം പേരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് അറിയിച്ചതെങ്കിലും ഒരു ദിവസം വൈകി. ഇതാകട്ടെ അപൂർണവുമാണ്. ചില മണ്ഡലങ്ങളിലെ പട്ടിക ഇല്ല. എസ്.ഐ.ആർ എന്യൂമറേഷൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.
ഒരു ബൂത്തിൽ ശരാശരി 45 പേരാണ് കണ്ടെത്താനാകാത്തവരായി ഉള്ളതെന്നാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗങ്ങളിൽ കമീഷൻ വിശദീകരിച്ചിരുന്നു. എന്നാൽ, പല ബൂത്തുകളിലും 300 നും മുകളിൽ പേർ പട്ടികയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ നേമം മണ്ഡലത്തിലെ ഒരു ബൂത്തിൽ 490 വരെ കണ്ടെത്താനാകാത്തവരുണ്ട്.
കഴക്കൂട്ടം മണ്ഡലത്തിലെ ബൂത്തുകളിലൊന്നിൽ 230 ആണ് കണ്ടെത്താനാകാത്തവർ. നഗരബൂത്തുകളിലാണ് ഈ സ്ഥിതി ഏറെയും. ഇത് എങ്ങനെയെന്നത് അവ്യക്തമായി തുടരുകയാണ്. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇനി വോട്ടർ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഫോം 6 നൽകണം. https://www.ceo.kerala.gov.in/asd-list എന്ന ലിങ്ക് വഴി കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ അറിയാം. നിലവിൽ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഫോം 6 നൽകി പേര് ചേർക്കാനുള്ള സൗകര്യമുണ്ട്. ഡിസംബർ 23ന് മുൻപ് ഒരു ബൂത്തിൽ നിന്ന് 50 അപേക്ഷകൾ വരെ സമർപ്പിക്കാമെങ്കിൽ ശേഷം ഇത് പത്താക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.