‘പോറ്റിയെ കേറ്റിയേ...’ ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടി​​ല്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബി.ജെ.പിയും ആ പാട്ട് ഉപയോഗിച്ചിട്ടുണ്ട്...’

കൊച്ചി: ‘പോറ്റിയെ കേറ്റിയേ.. സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു. ഈ പാട്ട് വലിയ തോതിൽ ആഘോഷിക്കപ്പെട്ടു. ഈ പാട്ട് ജനങ്ങളെ സ്വാധീനിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കിൽ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സി.പി.എം തിരിയുന്നതെന്നും ആർ.വി. ബാബു ചാനൽ ചർച്ചയിൽ പറഞ്ഞു.

‘ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കോൺഗ്രസുകാർ മാത്രമൊന്നുമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിർക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരൻ എഴുതിയ പാട്ടായിരിക്കാം. എന്നാൽ, എല്ലാവർക്കും സ്വീകാര്യമാണെങ്കിൽ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവർക്കും ഉൾക്കൊള്ളാവുന്ന ഒരു പാട്ടാണ്.

ഈ ഗവൺമെന്റിന്റെ കീഴിൽ ദേവസ്വം ബോർഡും സിപിഎം നേതാക്കന്മാരും ചേർന്ന് നടത്തിയ ശബരിമല കൊള്ളയെ കൃത്യമായി വരച്ചുകാട്ടുന്ന ഒരു പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതിൽ ജനങ്ങൾ സ്വീകരിച്ചു എന്നുള്ള കാര്യത്തിൽ സംശയമൊന്നുമില്ല.

ഡി.വൈ.എഫ്.ഐ നേതാവ് വി.കെ. സനോജ് പറയുന്നത് ആ പാട്ട് മതപരമാണെന്നാണ്. മതപരമായ എന്താണ് ആ പാട്ടിനകത്തുള്ളത്? മതപരമാണെങ്കിൽ അത് ആരെയാണ് വ്രണപ്പെടുത്തുന്നത്? അങ്ങനെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യത്തിൽ സനോജും സി.പി.എമ്മും ഇതുവരെ എടുത്ത നിലപാട് എന്തായിരുന്നു? ശബരിമലയുടെ വിഷയത്തിൽ പോലും വിശ്വാസികളുടെ വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു?

വിശ്വാസികളെ വ്രണപ്പെടുത്തുന്ന പാട്ടിനെതിരെ പരാതി കൊടുക്കുമെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു അബ്രഹാമിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അത് വായിച്ചപ്പോൾ ചിരിയാണ് തോന്നിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കന്മാർ വിശ്വാസികളെ പറഞ്ഞ അസഭ്യങ്ങൾക്കും പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും കയ്യും കണക്കുമുണ്ടോ? ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്? എസ്എഫ്ഐ അടങ്ങുന്ന ഇവരുടെ കാളികൂളി സംഘങ്ങളൊക്കെ ഏതൊക്കെ തരത്തിലാണ് വിശ്വാസികളെ വ്രണപ്പെടുത്തിയത്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും എം സ്വരാജിനെതിരെ ഉന്നയിച്ച ആരോപണമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശ്രീമതി ടീച്ചറുടെയും പിണറായി വിജയന്റെയും പ്രസ്താവനകൾ ഒക്കെ വിശ്വാസികളെ ഏതൊക്കെ തരത്തിൽ വ്രണപ്പെടുത്തിയതാ?

ഹൈന്ദവ സമൂഹം ആരാധിക്കുന്ന സരസ്വതിദേവി, പാർവതി ദേവി, ലക്ഷ്മീദേവി എന്നിവരുടെ നഗ്നചിത്രം വരച്ച് ആക്ഷേപിച്ച എം.എഫ് ഹുസൈനെ രവിവർമ്മ പുരസ്കാരം നൽകി ആദരിക്കാൻ ശ്രമിച്ചത് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. എന്തിനു വേണ്ടിയിട്ടായിരുന്നു? ക്ഷേത്രങ്ങളിൽ അടക്കം നഗ്നചിത്രങ്ങൾ ഒരുപാടുണ്ട്. അതിനോടൊന്നും നമുക്ക് എതിർപ്പില്ല. പക്ഷേ സരസ്വതിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാമോ? ലക്ഷ്മിയുടെ ചിത്രം നഗ്നമായിട്ട് എവിടെയെങ്കിലും കാണിക്കാമോ? അതിനടിയിൽ ലക്ഷ്മി എന്ന് എഴുതി വെച്ചതായിട്ട് കാണിക്കാമോ? പക്ഷേ ഇവിടെ അങ്ങനെ സരസ്വതിയുടെയും ലക്ഷ്മിയുടെയും ചിത്രം വരച്ചു വെച്ച് അതിനടിയിൽ പാർവതിദേവി, ലക്ഷ്മീദേവി, സരസ്വതിദേവി, സീതാദേവി എന്നൊക്കെ എഴുതിയ ആൾക്ക് അവാർഡ് കൊടുത്ത പാർട്ടി പറയുകയാണ് ‘ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്, ഞങ്ങൾ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യും’ എന്ന്. ഇത് ആരെ പറ്റിക്കാനാണ്?’ -ആർ.വി. ബാബു ചോദിച്ചു. 

Tags:    
News Summary - Hindu Aikyavedi rv babu supports pottiye kettiye parody song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.