ഇടത് സർക്കാറിനെ ജനങ്ങൾക്ക് മടുത്തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; ‘ഇസ്‌ലാമോഫോബിയ കൊണ്ട് രക്ഷപ്പെടാമെന്ന് കരുതി’

കോഴിക്കോട്: ഇടത് സർക്കാറിന്‍റെ ജനങ്ങൾക്ക് മടുത്തെന്നും ഒന്നും ചെയ്യാത്ത സർക്കാറിനോടുള്ള മടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിലും ഈ മടുപ്പ് മാറാൻ പോകുന്നില്ല. എന്ത് ചോദിച്ചാലും പണമില്ലെന്ന് പറയും. ആശാ പ്രവർത്തകരോട് പോലും അനുഭാവം കാണിക്കാൻ സാധിക്കാത്ത വിധം സർക്കാർ പൊളിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ക്ഷേമ പെൻഷൻ വർധിപ്പിച്ചെങ്കിലും വിതരണം ചെയ്തിട്ടില്ല. ഭരണത്തിൽ നിന്ന് പോകുമ്പോൾ പ്രകടനപത്രിക ഇറക്കിയിരിക്കുകയാണ്. വർധിപ്പിച്ച ക്ഷേമ പെൻഷൻ വരാൻ പോകുന്ന സർക്കാർ കൊടുക്കുമെന്നാണ് പറഞ്ഞത്. 10 വർഷമായി കൊടുക്കാത്ത സർക്കാരാണ് ഇനി കൊടുക്കാൻ പോകുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഒരു ഗഡു കൊടുക്കാൻ സാധിച്ചേക്കും. മികച്ച രീതിയിൽ ക്ഷേമ പെൻഷൻ യു.ഡി.എഫ് നൽകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു കമ്യൂണിസ്റ്റ് സർക്കാറിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കാത്ത വർഗീയ കാർഡ് കളിയാണ് നടത്തുന്നത്. വർഗീയ കാർഡ് മാറ്റി കളിച്ചത് ഇടതിന്‍റെ വിശ്വാസ്യത തകർത്തു. ബി.ജെ.പിക്കെതിരായ പോരാട്ടം ആയത് കൊണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ന്യൂനപക്ഷ വർഗീയത പറഞ്ഞു. എന്നാൽ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജനം ഇടതിനെ വിശ്വസിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞുനോക്കി. എന്നാൽ, ഇടതുപക്ഷം താഴേക്ക് പോയി. ചില വ്യക്തികളെ കൊണ്ട് പച്ച വർഗീയത വിളമ്പിക്കുകയാണ് ചെയ്തത്. ചില സംഘടനകളുടെ പേര് പറഞ്ഞ് മുസ്‌ലിം വർഗീയത പറഞ്ഞു. ആഗോള ഇസ്‌ലാമോഫോബിയ കൊണ്ട് രക്ഷപ്പെടാമെന്ന് സർക്കാർ നോക്കി. സമുദായങ്ങൾ അവരുടെ ചൂണ്ടയിൽ കൊത്തുമെന്നാണ് കരുതിയത്. മധ്യ തിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷമുള്ള സമുദായങ്ങൾ സി.പി.എമ്മിനെയും ബി.ജെ.പിയെയും മൂലക്കിരുത്തി.

ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പറയുന്നത് ഇടതുപക്ഷമാണ്. ജമാഅത്തുമായി സഖ്യം സ്ഥാപിച്ച് പരസ്യമായി വേദി പങ്കിട്ട് മുദ്രാവാക്യവും കൊടിയുമായി നടന്നവരാണിവർ. ഒരു സുപ്രഭാതത്തിൽ ജമാഅത്തെ ഇസ്‌ലാമി അപകടമാണെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. അത് മാത്രം വെച്ച് തെരഞ്ഞെടുപ്പ് ജയിക്കാനാണ് ഇടതുപക്ഷം നോക്കിയതെന്നും ഇനി സാധിക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - PK Kunhalikutty says people are tired of the Left government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.