കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന വേണാട് ബസ് കടത്തി ക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കൊല്ലം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം മുക്കിൽകട വി.എസ് നിവാസിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന നിതിൻ (28) ആണ് അറസ്റ്റിലായത്.

പാലക്കാട് മണ്ണാർക്കാട് വെച്ച് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി രവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച റൂറൽ റോഡ് ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്. വാഹന പ്രേമിയായ പ്രതി നിതിൻ നിരവധി ടിപ്പർ, ബസ് മോഷണക്കേസുകളിൽ പ്രതിയാണ്. മൂവാറ്റുപുഴ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ടിപ്പർലോറികളും ടോറസ് ലോറികളും കടത്തിയിട്ടുണ്ട്.

കോട്ടയം കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച ബസുമായി കൊല്ലത്തെത്തി ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടപ്പോൾ ബസ് റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കൊല്ലം രാമൻകുളങ്ങര യിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർലോറി മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപന നടത്താൻ പോകുന്നതിനിടെ പോത്തൻകോട്‌ വച്ച് കൊല്ലം ഈസ്റ്റ് പൊലീസ് ഇയാളെ 2019 ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.

2020 ജനുവരിയിൽ കൊല്ലം ജില്ല ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷണം നടത്തിയും കഞ്ചാവ് വിൽപ്പന നടത്തിയുമാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. നെയ്യാറ്റിൻകര മംഗലാപുരം മെഡിക്കൽ കോളേജ്, ശ്രീകാര്യം, വട്ടിയൂർകാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉണ്ട്.

ഈ കേസിലെ അന്വേഷണ ഭാഗമായി കൊട്ടാരക്കര മുതൽ പാരിപ്പള്ളി പരവൂർ വരെയുള്ള നൂറിൽപരം സിസി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അന്വേഷണം നിതിനിലേക്ക് എത്തുന്നത്. അന്വേഷണ സംഘത്തിൽ കൊല്ലം റൂറൽ ഡാൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. അശോകൻ, കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സ്റ്റുവർട്ട് കീലർ, കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്.ഐ. ആശ ചന്ദ്രൻ, ഡാൻസാഫ് എസ്.ഐ.മാരായ വിനീഷ്, ശിവശങ്കരപ്പിള്ള, അനിൽകുമാർ, അജയകുമാർ, രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, സി.പി.ഒ. മാരായ ബിജോ, മഹേഷ് മോഹൻ എന്നിവരും ഉണ്ടായിരുന്നു

Tags:    
News Summary - KSRTC bus thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.