‘ആര്യാടൻ ഫൗണ്ടേഷൻ സമാന്തര പാർട്ടിയാക്കരുത്, പരിപാടികൾ ഡി.സി.സിയെ മുൻകൂട്ടി അറിയിക്കണം’ -ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി താക്കീത്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നേരിട്ട് ആവശ്യപെട്ടിട്ടും ചെവിക്കൊള്ളാതെ ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിന് ശക്തമായ താക്കീതുമായി കെ.പി.സി.സി പ്രസിഡന്റ്. പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി ആര്യാടൻ ഫൗണ്ടേഷൻ പ്രവർത്തിക്കരുതെന്നും ഫൗ​ണ്ടേഷന്റെ പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ (ഡി.സി.സി) മുൻകൂട്ടി അറിയിക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

ആര്യാടൻ ഷൗക്കത്തിന്റെ നേൃതത്വത്തിൽ മലപ്പുറം ജില്ലയിൽ നടന്ന അച്ചടക്ക ലംഘനത്തെകുറിച്ചുള്ള റിപ്പോർട്ടിന്റെയും കെ.പി.സി.സി അച്ചടക്ക സമിതി നൽകിയ ശുപാർശയുടെയും അടിസ്ഥാനത്തിൽ കെ.പി.സി.സി കൈക്കൊണ്ട തീരുമാനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഷൗക്കത്തിനെ അറിയിച്ചത്. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കും കൈമാറി.

ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി അയച്ച കത്തിന്റെ പൂർണരൂപം:

പ്രിയ ശ്രീ ആര്യാടൻ ഷൗക്കത്ത്,

മലപ്പുറം ജില്ലയിൽ താങ്കളുടെ നേതൃത്വത്തിൽ നടന്ന അച്ചടക്ക ലംഘനത്തെകുറിച്ച് റിപ്പോർട്ടിന്റെയും കെ.പി.സി.സി അച്ചടക്ക സമിതി നൽകിയ ശുപാർശയുടെയും അടിസ്ഥാനത്തിൽ കെ.പി.സി.സിയുടെ തീരുമാനങ്ങൾ താങ്കളെ അറിയിക്കുന്നു.

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 30 ന് നടത്തിയ റാലിയിൽ താങ്കളും പങ്കെടുത്തിരുന്നതാണ്. അതുകഴിഞ്ഞ് നവംബർ മാസം 3 ന് വീണ്ടും ഇതേപേരിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുന്നതിനു വേണ്ടി താങ്കൾ റാലി നടത്തുകയുണ്ടായി. ഒക്ടോബർ 27 ാം തീയതി തന്നെ അത്തരം വിഭാഗീയ റാലി നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും താങ്കളോട് നേരിട്ട് ആവശ്യപെട്ടിട്ടുള്ളതായിരുന്നു. എന്നിട്ടും പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് താങ്കൾ നടത്തിയ വിഭാഗീയ റാലി പാർട്ടി അച്ചടക്കത്തിൻ്റെ ലംഘനമാണെന്ന് അച്ചടക്ക സമിതി കണ്ടെത്തുകയുണ്ടായി . ഈ സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചുകൊണ്ട് താങ്കൾ കെ.പി.സി.സിക്ക് നൽകിയ കത്ത് മുഖവിലയ്ക്കെടുക്കുന്നു. താങ്കൾ നടത്തിയ അച്ചടക്ക ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലിൽ ഇതാവർത്തിക്കരുതെന്ന് കെപിസിസി ശക്തമായ താക്കീത് നൽകുന്നു.

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്ക്, മണ്ഡലംതല കമ്മറ്റികൾ രൂപീകരിച്ച് പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുവാൻ പാടുള്ളതല്ല. പാർട്ടി നയപരിപാടികൾക്ക് അനുസൃതമായി മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് കലാ-സാംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫൗണ്ടേഷന് സ്വാതന്ത്ര്യമുണ്ട്. പ്രസ്‌തുത പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ മുൻകൂട്ടി അറിയിക്കേണ്ടതാണെന്നും താങ്കളെ അറിയിക്കുന്നു.

മേലിൽ ഇത്തരം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കരുതെന്നും കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനയുടെ ഉത്തമതാല്‌പര്യം മുൻനിർത്തി സംഘടനാ മര്യാദകൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നു

സ്നേഹപൂർവ്വം

ടി.യു. രാധാകൃഷ്ണൻ

കെ.പി.സി.സി ജനറൽ സെക്രട്ടറി

Tags:    
News Summary - KPCC warns Aryadan Shaukath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.