കെ.പി.സി.സി യോഗം: പാർട്ടി ശക്തമാകണമെന്ന് പൊതുവികാരം

തിരുവനന്തപുരം: സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് സംസ്ഥാനത്ത് പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ടുപോകണമെന്ന് കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ പൊതുവികാരം. കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ വിമർശനങ്ങൾ ഒഴിവാക്കിയ നേതാക്കളെല്ലാം സംഘടനയെ ശക്തമാക്കണമെന്ന വികാരമാണ് പ്രകടിപ്പിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പാർട്ടിക്ക് നിർണായകമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പാർട്ടിയുടെയും മുന്നണിയുടെയും മടങ്ങിവരവ് ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ മികച്ച വിജയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകൾ അവരുടെ ലാഭം നോക്കിയാണ് നിലപാടെടുക്കുക. കോൺഗ്രസ് വിജയിക്കുമെന്ന് കണ്ടാൽ നമുക്കൊപ്പം ചേരും. ഇല്ലെങ്കിൽ ലാഭം കിട്ടുന്നിടത്തേക്ക് അവർപോകും. നിലവിലെ തെരഞ്ഞെടുപ്പ് രീതിയാണ് കേരളത്തിൽ യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും പരിതാപകരമായ നിലയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് ഉമ്മൻ ചാണ്ടിയും നിർദേശിച്ചു.

കെ-റെയിൽ സമരത്തിനൊപ്പം അക്രമം, ഗുണ്ടായിസം, സർക്കാറിന്‍റെ അഴിമതി എന്നിവക്കെതിരെയും ശക്തമായ സമരം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കെ-റെയിൽ വിരുദ്ധ സമരം ഒരുദിവസം കത്തിപ്പടരേണ്ട ഒന്നല്ല. ഇക്കാര്യത്തിൽ സർക്കാറിന്‍റെ ഓരോ നീക്കവും നോക്കിയാണ് സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശനെതിരെ നടത്തിയ പരസ്യപ്രതികരണം ത‍ന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ഏറ്റുപറഞ്ഞ കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, അക്കാര്യത്തിൽ ഖേദവും അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റിനെ സന്ദർശിച്ച് തനിക്കെതിരെ കുറ്റം പറയുന്നവരോട് എത്രപേരെ അവർ പാർട്ടിയിൽ അംഗങ്ങളാക്കിയെന്ന് ചോദിക്കണമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 50 ലക്ഷം പേർക്ക് പാർട്ടി അംഗത്വം നൽകുകയെന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സമ്മതിച്ചു. 13 ലക്ഷം ഡിജിറ്റൽ അംഗത്വവും 22 ലക്ഷം പേപ്പർ അംഗത്വവുമാണ് നൽകിയത്. കഴിഞ്ഞ തവണത്തെക്കാൾ അംഗത്വം വർധിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ഡിജിറ്റൽ അംഗത്വം മാത്രമെന്ന ആദ്യനിർദേശമാണ് ഇതിന് തടസ്സമായത്.

എ.ഐ.സി.സി നേതൃത്വത്തിനെതിരെ പി.ജെ. കുര്യൻ നടത്തിയ പരാമർശം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ടത്. കാര്യങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ച കാണാമെന്ന് കുര്യൻ അറിയിച്ചിട്ടുണ്ട്. രക്തസാക്ഷി പരിവേഷം കിട്ടാനാണ് കെ.വി. തോമസിന്റെ ശ്രമം. ഇ.പി. ജയരാജന് എല്ലാ മംഗളങ്ങളും നേരുന്നെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - KPCC meeting: The general feeling is that the party should be strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.