കോട്ടക്കല്‍ ഇരട്ട കൊലപാതകം; 10 പ്രതികള്‍ക്കും ജീവപര്യന്തം

മലപ്പുറം: കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ മാരകായുധങ്ങളുപയോഗിച്ച് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പത്ത്  പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു(45), അബൂബക്കര്‍(50) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. 

കോട്ടക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 പ്രതികളാണുള്ളത്. കോട്ടക്കല്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്‍, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്‍, തയ്യില്‍ സൈതലവി, അമരിയില്‍ മുഹമ്മദ് ഹാജി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദുര്‍ റഷീദ്, അമരിയില്‍ ബീരാന്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് തെളിയിക്കപ്പെട്ടത്. ഇതില്‍ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.

2008 ആഗസ്ത് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കമ്മിറ്റി മെംബര്‍മാരുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജി, സഹോദരങ്ങളായ അബ്ദു, അബുബക്കര്‍ എന്നിവര്‍ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു. ജുമുഅക്ക്​ ശേഷം ദിക്​ർ ഹൽഖ  നടക്കു​േമ്പാൾ അംഗശുദ്ധി വരുത്തുന്ന ഹൗളിനടുത്തുവെച്ചായിരുന്നു സംഘർഷം. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞുവക്കുകയും അബ്ദുവിനെയും അബുബക്കറിനെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. 

സംഘർഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തിയിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം രാജേഷ് കോടതിയില്‍ ഹാജരായി. 53 സാക്ഷികളില്‍ 22 പേരെ കോടതി മുന്‍പാകെ വിസ്തരിച്ചു. 18 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Tags:    
News Summary - Kottakkal murder: Life term punishment to 10 accused - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.