കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നില്‍ നോക്കിക്കാണാനും അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും സാധിക്കുന്ന അവസരമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ സഹകരിക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന ഈ വോളണ്ടിയര്‍മാര്‍ക്ക് ബിനാലെയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും അതില്‍ നിന്ന് അവിസ്മരണീയ അനുഭവങ്ങള്‍ സമ്പാദിക്കാനുമുള്ള അവസരം ലഭിക്കും.
ഗോവയിലെ എച്ച്.എച്ച് ആര്‍ട് സ്‌പേസസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖില്‍ ചോപ്രയാണ് കെ.എം.ബി ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ബിനാലെ 110 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും. ഫോര്‍ ദി ടൈം ബീയിങ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം.
കൊച്ചി ബിനാലെയുടെ മുന്നൊരുക്കങ്ങളില്‍ വിവിധ നിലകളിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പുറമെയാണ് അഹമ്മദാബാദിലെ അനന്ത് സർവകലാശാലയിൽ നിന്നുള്ള ബി.എഫ്.എ ബിരുദ വിദ്യാർഥികള്‍ എത്തിയിരിക്കുന്നത്. പ്രതിഷ്ഠാപനകലയുടെ സൗന്ദര്യശാസ്ത്രവും ബിനാലെയുടെ മറ്റ് പ്രത്യേകതകളും അടുത്തറിയുന്നതിനായി ജോലിയില്‍ നിന്ന് ഇടവേളയെടുത്തിട്ട് പോലും ഇവിടേക്ക് വോളണ്ടിയര്‍മാര്‍ എത്തിയിട്ടുണ്ട്.
നിലവിൽ അമ്പതിനോടടുത്ത് സന്നദ്ധപ്രവർത്തകരും ഇന്റേണുകളുമാണ് ബിനാലെയിലുള്ളത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായി കണക്കാക്കപ്പെടുന്ന ബിനാലെക്കായി 22 വേദികളിൽ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലാണ് ഇവര്‍. സ്ഥലം, മേൽനോട്ടം, സ്കെച്ചിങ്, അളവുകളും കണക്കുകൂട്ടലുകളും ഉൾപ്പെടെയുള്ള പശ്ചാത്തല പ്രവർത്തനങ്ങളിലാണ് ഗുജറാത്തില്‍ നിന്നുള്ള വിദ്യാർഥികളുടെ സേവനം കാര്യമായി ഉപയോഗിക്കുന്നത്. ഈ സംഘം ഡിസംബർ 15ന് അഹമ്മദാബാദിലേക്ക് മടങ്ങും.
ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെ.ബി.എഫ്)ബിനാലെയുടെ ഭാഗമായി കലാ വിദ്യാഭ്യാസത്തിന് മികച്ച പ്രാധാന്യമാണ് നല്‍കി വരുന്നതെന്ന് ചെയർമാൻ ഡോ. വേണു വി. ചൂണ്ടിക്കാണിച്ചു. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, സ്റ്റുഡന്റ്സ് ബിനാലെ എന്നിവക്ക് പുറമെയാണിത്. വോളണ്ടിയര്‍മാര്‍ക്കും ഇന്റേണുകള്‍ക്കും പ്രതിഫലവും നല്‍കുന്നുണ്ട്. ഈ അവസരത്തിനായി അപേക്ഷകൾ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്.
2012ലെ ആദ്യ പതിപ്പ് മുതൽ വിദ്യാർഥികൾക്ക് കൊച്ചി ബിനാലെ മികച്ച പഠന വേദിയാണെന്ന് കെ.എം.ബിയുടെ പ്രസിഡന്റും പ്രശസ്ത ആര്‍ട്ടിസ്റ്റുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. യൂറോപ്പടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാർഥികളെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാസ്തുവിദ്യ, ഡിസൈനിങ്, പ്രൊഡക്ഷൻ, ഭരണനിർവഹണം തുടങ്ങിയ കാര്യങ്ങളിൽ പ്രായോഗികമായ അറിവാണ് ലഭിക്കുന്നതെന്ന് അങ്കിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്തര്‍ക്കൊപ്പം പ്രവർത്തിക്കുന്നത് അസുലഭ അനുഭവമാണ്. പ്രായോഗിക അനുഭവപരിചയം മറ്റൊരു തലമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കാഴ്ചപ്പാടുകളെ അടുത്ത് മനസിലാക്കാന്‍ ഈ അവസരം സഹായിക്കുന്നുവെന്ന് അനന്ത് സര്‍വകലാശാലയിലെ വിദ്യാർഥി തൃഷ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ കൊച്ചി ബിനാലെയെ പിന്തുടര്‍ന്നതിലൂടെയാണ് ഐ.ടി പ്രഫഷനലായ സ്റ്റീവ് ബ്രയാൻ ഇവിടെയെത്തിയത്. ജോലിയില്‍ നിന്ന് ഇടവേളയെടുത്ത അദ്ദേഹം ബിനാലെ കഴിയുന്നത് വരെ ഇവിടെയുണ്ടാകുമെന്ന് പറഞ്ഞു.
കലാതൽപരനായ മെക്കാനിക്ക് വിജയൻ എം.വി. എല്ലാത്തരം ജോലികളും പഠിക്കാനുള്ള വേദിയായാണ് ബിനാലെയെ കാണുന്നത്. ഇഷ്ടമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് ഡിസൈന്‍ വിദ്യാര്‍ഥിനിയായ അഞ്ജലി കൃഷ്ണകുമാർ ബിനാലെയെ കാണുന്നത്. ഇന്നത്തെ ചെറുപ്പക്കാർ കഴിവുള്ളവരും വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവരുമാണെന്ന് പ്രൊഡക്ഷൻ സംഘത്തിന്റെ തലവന്‍ ശ്യാം പട്ടേൽ പറഞ്ഞു. കലാകാരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വേദികളിലെ ഒരുക്കങ്ങൾ പരിശോധിക്കുക, വിഭവങ്ങൾ സംഘടിപ്പിക്കുക, പ്രോഡക്റ്റ് ഡിസൈൻ ചെയ്യുക, എന്നിവയെല്ലാം അവരുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.