മാധ്യമം ബ്യൂറോ ചീഫ് പി.പി. കബീറിന് കെ.ജി.എം.ഒ.എ മാധ്യമ പുരസ്കാരം

കൊച്ചി: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ 2025 ലെ മാധ്യമ - സന്നദ്ധ സേവന മേഖലയിലെ മികച്ച പ്രവർത്തങ്ങൾക്കും ഡോക്ടർമാർക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിന് മാധ്യമം കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീറിനെ തെരഞ്ഞെടുത്തു. ‘മരുന്നു തിന്നു മരിക്കുന്ന മലയാളി’ എന്ന പരമ്പരയിലൂടെ മരുന്നുകളുടെ അമിതോപഭോഗത്തെക്കുറിച്ച് ഗൗരവതരവും കാലികപ്രസക്തവുമായ നിരീക്ഷണങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ഇടപെടലാണ് പുരസ്കാരത്തിനർഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ഇടുക്കി തൊടുപുഴ ചിലവ് പുത്തൻവീട്ടിൽ പരേതരായ പി.കെ പരീത് - നബീസ ദമ്പതികളുടെ മകനാണ്. 1999 മുതൽ മാധ്യമം പത്രാധിപസമിതി അംഗം. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ മാധ്യമ പുരസ്കാരം, 2017ലെ കെ.ജി.എം.ഒ.എ മാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷൈനിമോൾ. മകൾ: അസ്ന കബീർ.

ജനുവരി 25 ന് 11.30ന് കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.

മറ്റു പുരസ്കാരങ്ങൾ

ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്: പി.യു. തോമസ് (നവജീവൻ ട്രസ്റ്റ്, കോട്ടയം)

ബെസ്റ്റ് ഡോക്ടർ അവാർഡുകൾ

അഡ്‌മിനിസ്ട്രേറ്റീവ് കേഡർ: ഡോ. രാജാറാം. കെ.കെ. (അഡീഷനൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ജില്ല മെഡിക്കൽ ഓഫീസർ കോഴിക്കോട്), ഡോ. ജീജ എം.പി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്, സൂപ്രണ്ട്, ഡി.എച്ച്., കാഞ്ഞങ്ങാട്)

സ്പെഷ്യാലിറ്റി കേഡർ: ഡോ. എ. റോഹൻ (കൺസൾട്ടന്റ് ഒഫ്താൽമോളജി, പാലക്കാട് ജില്ലാ ആശുപത്രി)

ജനറൽ കേഡർ: ഡോ. സഖിൽ രവീന്ദ്രൻ (അസിസ്റ്റന്റ് സർജൻ, എഫ്.എച്.സി., ഇടമലക്കുടി)

സൂപ്പർ സ്പെഷ്യാലിറ്റി: ഡോ. ശ്രീജിത്ത് എ.ജി. (കാർഡിയോളജിസ്റ്റ്, പാലക്കാട് ജില്ലാ ആശുപത്രി)

Tags:    
News Summary - KGMOA media award for Madhyamam bureau chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.