കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിൽ അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ.കെ ശൈലജ. മട്ടന്നൂർ മണ്ഡലം അല്ലാതെ മറ്റെവിടെയും പരിഗണിക്കേണ്ടതില്ലെന്ന് ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ നിന്ന് അഞ്ച് തവണ മത്സരിച്ച ശൈലജക്ക് ഇനി അവസരം നൽകേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. മട്ടന്നൂരിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാർട്ടി പരിഗണിക്കുന്നത് എന്നാണ് വിവരം.
ഉറച്ച സീറ്റാണെങ്കിൽ ടേം വ്യവസ്ഥ പാലിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ നിലപാട്. മട്ടന്നൂരിൽ പകരമായി പേരാവൂരിൽ ശൈലജയെ പരിഗണിക്കാനായിരുന്നു സംസാഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ 2011 മുതൽ സണ്ണി ജോസഫ് ജയിച്ചു വരുന്ന മണ്ഡലത്തിൽ കനത്ത മത്സരം നടക്കാൻ സാധ്യതയുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് മട്ടന്നൂർ അല്ലാതെ മറ്റെവിടെയും പരിഗണിക്കേണ്ടതില്ലെന്ന് ശൈലജ അറിയിച്ചത്.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. ആരൊക്കെ മത്സരിക്കണമെന്ന് യോഗത്തിന് ശേഷം അറിയിക്കും. നിലവിലുള്ള 12 എം.എൽ.എമാരിൽ മൂന്ന് പേർ മാത്രമേ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണ ജോർജിനും പുറമേ കോങ്ങാട് എം.എൽ.എ ശാന്തകുമാരിയുമാണ് സി.പി.എമ്മിന്റെ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വനിത എം.എൽ.എമാർ.
മുൻ എം.പി സി.എസ് സുജാത, തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രൻ, പി.കെ ശ്യാമള എന്നിവരെ സി.പി.എം മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിന്ത ജെറോം, സൈനബ, അനുശ്രീ കോലോത്ത് തുടങ്ങിയവരുടെ പേരുകളും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. എങ്കിലും ഇവരുടെയൊന്നും കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.