തിരുവനന്തപുരം: നവംബർ 21 മുതൽ നിലവിൽ വന്ന കേന്ദ്രത്തിന്റെ ലേബർ കോഡ് നടപ്പാക്കുമ്പോൾ കേരളം തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ലേബർ കോഡ് സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്. സംസ്ഥാനത്തെ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂനിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കവും അനുവദിക്കില്ല.
തൊഴിൽ നിയമങ്ങളുടെ ലളിതവത്‌കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാകണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കാനാണ് കേരളം പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപവത്കരിക്കുന്ന കാര്യം പ്രമുഖ ട്രേഡ് യൂനിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും.
നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തും. കേരളത്തിലെ ഓരോ തൊഴിലാളിക്കും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.