തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധം അറിയിച്ച ഇരുവിഭാഗം സുന്നി സംഘടനകളെയും സംശയമുനയിൽ നിർത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന. ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്ന് മന്ത്രി ആരോപിച്ചു.
‘കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ തകർക്കുന്നതിന് വേണ്ടി ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുണ്ട്. സംസ്ഥാനത്തിന്റേത് ദേശീയ അടിസ്ഥാനത്തിൽ മാതൃകാപരമായ വിദ്യാഭ്യാസ മേഖലയാണ്. രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണ് കേരളം. ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ അക്കാദമിക കലണ്ടറിനെതിരെ കോടതിയിൽ പോയത് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും രാഷ്ട്രീയ നേതൃത്വത്തെ അംഗീകരിക്കുന്ന അധ്യാപക സംഘടനകളായിരുന്നു. മുസ്‍ലിം ലീഗും കോൺഗ്രസും അതിന് അനുകൂലമായി നിലപാടെടുത്തു.
2014ൽ യു.ഡി.എഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോൾ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ആക്കിയും വൈകുന്നേരം 4.00 മണി എന്നത് 4.30 ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം വർദ്ധിപ്പിച്ചു. ടൈംടേബിൾ പരിഷ്‌കരിച്ചത് മദ്റസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവർ അന്ന് ഇത്തരത്തിൽ യാതൊരുവിധ തർക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്’ -മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തതെന്നും മരന്തി പറഞ്ഞു. ‘നിലവിലെ കെഇആർ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ ബോധന സമയം ആക്കിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഗുജറാത്തിൽ 243 പ്രവൃത്തി ദിനങ്ങളും, ഉത്തർ പ്രദേശിൽ 233, കർണാടക 244, ആന്ധ്രാ പ്രദേശിൽ 233, ഡൽഹിയിൽ 220 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങൾ. കേരളത്തിലെ തന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും, സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളും അവരുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പ്രവർത്തി ദിനങ്ങളും/ ബോധന മണിക്കൂറുകളും പൊതു വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളേക്കാൾ കൂടുതലാണ് എന്നതും കണക്കിലെടുക്കണം’ -മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഇ.കെ, എ.പി സുന്നി സംഘടനകൾ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്നും മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു.
സമയമാറ്റം സംബന്ധിച്ച് എത്രയുംപെട്ടെന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും വ്യക്തമാക്കിയിരുന്നു. മാന്യമായ സമീപനം സ്വീകരിക്കുന്നതിൽ വൈകിപ്പോയെന്ന അഭിപ്രായമുണ്ട്. പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സാർഥം അമേരിക്കയിലാണ്. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയതിന് ശേഷം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടക്ക് വിദ്യാഭ്യാസമന്ത്രി നടത്തിയ ചില പ്രശ്നങ്ങൾ ചൊടുപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഒരു ആവശ്യവുമില്ലാതെയാണ് സമയ മാറ്റം നടത്തിയതെന്നും വിഷയത്തിൽ ചർച്ചകൾ നടത്തണമെന്നും സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച്, കലക്ട്രേറ്റ് മാർച്ച്, കൺവെൻഷൻ എന്നിവ സംഘടിപ്പിക്കുമെന്നും എം.ടി അബ്ദുല്ല മുസ്‍ലിയാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.