കൊച്ചി: സ്ത്രീസുരക്ഷ പദ്ധതിയായ നിർഭയ ഫണ്ട് വിനിയോഗത്തിൽ ഗുരുതര വീഴ്ച വരുത്തി കേരളം. നിർഭയ പദ്ധതിയുടെ ഭാഗമായി ഇരകൾക്ക് ധനസഹായം നൽകാൻ അനുവദിക്കപ്പെട്ട കോടികളാണ് വിതരണം ചെയ്യാതെ വീഴ്ചവരുത്തിയത്. ഇരകൾക്ക് നൽകാൻ കേന്ദ്രം അനുവദിച്ച 7.60 കോടിയിൽ ഒരുരൂപപോലും സംസ്ഥാനം വിതരണം ചെയ്തിട്ടില്ല. ഓരോ സംസ്ഥാനങ്ങളുടെയും ഫണ്ട് വിനിയോഗം സംബന്ധിച്ച് പാർലമെൻറിൽ കേന്ദ്രം സമർപ്പിച്ച രേഖകളിലാണ് വിശദാംശമുള്ളത്. 2016-17 കാലയളവിലായിരുന്നു തുക അനുവദിച്ചത്. സ്ത്രീസുരക്ഷക്കുള്ള അടിയന്തര സംവിധാനം ഒരുക്കാനുള്ള എമർജൻസി െറസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന് അനുവദിച്ച 733.27 ലക്ഷത്തിൽ 337 ലക്ഷം മാത്രമാണ് വിനിയോഗിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള സംവിധാനങ്ങൾ രൂപവത്കരിക്കാൻ അനുവദിച്ച തുകയിൽ ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല.
2017-18 കാലയളവിലാണ് 435 ലക്ഷം രൂപ അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഇൻറർനെറ്റ് സംവിധാനങ്ങളിലൂടെയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ പെരുകുെന്നന്ന് പഠനങ്ങൾ തെളിയിക്കുമ്പോഴും ഫണ്ടിൽനിന്ന് ഒരുരൂപപോലും ചെലവഴിച്ചില്ലെന്നതാണ് ശ്രദ്ധേയം. വൺ സ്റ്റോപ് സെൻറർ പ്രോഗ്രാമിന് അനുവദിച്ച 468.85 ലക്ഷത്തിൽ ചെലവാക്കിയത് 41 ലക്ഷം മാത്രം. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് അഭയവും പിന്തുണയും നിയമസഹായവും നൽകുന്ന പദ്ധതിയാണിത്.
യൂനിവേഴ്സലൈസേഷൻ ഓഫ് വുമൺ ഹെൽപ് ലൈൻ സ്കീമിന് അനുവദിച്ച 174.95 ലക്ഷത്തിൽ ചെലവാക്കിയത് 72.71 ലക്ഷം മാത്രമാണ്. ഗുരുതര വീഴ്ചയാണ് ഫണ്ട് വിനിയോഗത്തിൽ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ലഭിച്ച തുക തിരിച്ചുപിടിക്കില്ലെങ്കിലും ഉപയോഗിെച്ചന്നത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കേന്ദ്രത്തിൽ സമർപ്പിച്ചാൽ മാത്രമാണ് തുടർവർഷങ്ങളിൽ ഫണ്ട് അനുവദിക്കുക. ഓരോ പദ്ധതിയിലും വീഴ്ച വന്നതിനാൽ അടുത്ത വർഷങ്ങളിൽ പിന്നീട് തുക ലഭിച്ചിട്ടില്ലെന്നതും രേഖകളിൽ കാണാം. മറ്റുസംസ്ഥാനങ്ങൾ കൃത്യമായി ഫണ്ട് ഉപയോഗപ്പെടുത്തുമ്പോഴാണ് കേരളത്തിെൻറ അനാസ്ഥയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രഫണ്ട് ഫലപ്രദമായി ഉപയോഗിക്കുെന്നന്ന് ഉറപ്പുവരുത്തുന്നതിന് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനു അഭിപ്രായപ്പെട്ടു. ഇരകൾ ഓഫിസുകൾ കയറിയിറങ്ങി നടക്കുമ്പോൾ ഫണ്ടുണ്ടായിട്ടും വിതരണം ചെയ്യാത്തത് കുറ്റകരമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.