ഇരട്ട പ്രഹരത്തിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: മൂന്നാം ഇടതുസർക്കാറിലേക്കുള്ള ചവിട്ടുപടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറുമെന്നുള്ള അമിത ആത്മവിശ്വാസത്തിനുമേൽ, കനത്ത തോൽവിയുടെ അപ്രതീക്ഷിത അടിയേറ്റ ആഘാതത്തിൽ എൽ.ഡി.എഫ്. യു.ഡി.എഫ് തരംഗമുണ്ടായാൽ പോലും ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ച കൊല്ലവും കണ്ണൂരുമടക്കം ജില്ലകളിൽ കനത്ത തിരിച്ചടിയേറ്റത് മുന്നണിക്ക് താങ്ങാവുന്നതിനപ്പുറമാണ്.

ഹിന്ദു സമുദായ സംഘടനകളായ എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും ചേർത്തുപിടിച്ചും രാഷ്ട്രീയ ഉള്ളടക്കമുള്ള മുസ്‍ലിം സംഘടനകളെ ‘തീവ്രവാദവത്കരിച്ചും’ യു.ഡി.എഫിന്‍റെ മതേതര നിലപാട് ചോദ്യം ചെയ്തും സി.പി.എം നടത്തിയ സോഷ്യൽ എൻജിനീയറിങ്ങടക്കം വോട്ടർമാർ തള്ളികളയുന്നതായി തെരഞ്ഞെടുപ്പ് ചിത്രം. യു.ഡി.എഫിനെ അപേക്ഷിച്ച് സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന യന്ത്രം പോലുള്ള ഇടതുപക്ഷത്തിന്‍റെ സംഘടന സംവിധാനത്തിനടക്കം ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാനുമായില്ല.

ആഗോള അയ്യപ്പ സംഗമം നടത്തിയും അതിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയടക്കം സന്ദേശം വായിച്ചും ഭൂരിപക്ഷ പിന്തുണക്കായി ‘തീവ്ര’ സമീപനം സ്വീകരിച്ച സി.പി.എമ്മിന്‍റെ മതേതര നിലപാടിൽ ആശങ്കയുന്നയിച്ച ന്യൂനപക്ഷങ്ങളെ കേൾക്കാൻ പോലും പാർട്ടി തയാറായിരുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ കടന്നാക്രമിച്ച എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയനടക്കം നേതാക്കൾ നിരന്തരം പുകഴ്ത്തുക കൂടി ചെയ്തതോടെ ന്യൂനപക്ഷങ്ങൾ പാർട്ടിയുമായി വലിയ അകലത്തിലായി. പ്രതീക്ഷിച്ച ഭൂരപക്ഷ വോട്ട് ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതോടെ കിട്ടിയില്ലെന്നു മാത്രമല്ല പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്നതിൽ വലിയ ചോർച്ചയുണ്ടാവുകയും ചെയ്തു.

ഭരണ വിരുദ്ധ വികാരം സംസ്ഥാന തലത്തിലും ശബരിമല സ്വർണക്കൊള്ള വിശ്വാസി സമൂഹത്തിലും നീറിപ്പുകഞ്ഞ് ഇടതുപക്ഷത്തിനെതിരായ പകയായി മാറിയതാണ് കൈയിലുണ്ടായിരുന്ന കോർപറേഷനുകളും ജില്ല പഞ്ചായത്തുകളുമടക്കം നഷ്ടമാവുന്നതിലേക്ക് നയിച്ചത്. സാമൂഹിക സുരക്ഷ പെൻഷനടക്കം ക്ഷേമാനുല്യങ്ങൾ വോട്ടാകുമെന്ന സി.പി.എമ്മിന്‍റെ കണക്കുകൂട്ടലും തെറ്റി. കുത്തിയൊലിച്ച ഭരണ വിരുദ്ധ വികാരത്തെ മുൻകൂട്ടി കാണാൻ പോലും സർക്കാറിനും മുന്നണിക്കുമായില്ല.

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ എം.എൽ.എ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുക പോലും ചെയ്യാതെയാണ് സി.പി.എം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗികാരോപണത്തിൽ കോൺഗ്രസിനോട് ധാർമികത ചോദിച്ചത്. ജില്ല പഞ്ചായത്ത്, കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം ജില്ല കമ്മിറ്റികൾ നേരിട്ട് ചുക്കാൻ പിടിച്ചിട്ടുപോലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. നാലര പതിറ്റാണ്ട് ഭരിച്ച തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി പിടിച്ചത് സി.പി.എമ്മിന് തോൽവിക്കപ്പുറം കനത്ത പ്രഹരമാണ്. മൂന്നാം ഇടതുസർക്കാർ സ്വപ്നം പോലും തെരഞ്ഞെടുപ്പ് ഫലത്തോടെ ത്രിശങ്കുവുകയും ചെയ്തു.

Tags:    
News Summary - kerala local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.