മത്സരച്ചൂടിലേക്ക് നാട്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലേക്ക് നാടാകെ നീങ്ങും. മുന്നണികളെല്ലാം സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പത്രിക സമർപ്പണത്തിനുള്ള തയാറെടുപ്പിലാണ്. പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ സ്വതന്ത്രരും വിമതരും മത്സരചിത്രത്തിലേക്ക് വരും. പത്രിക സമർപ്പണം തുടങ്ങുന്നതിന് മുമ്പ് വിമതസാധ്യതകൾ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് പാർട്ടികൾ.

നവംബർ 21 വരെ സ്ഥാനാർഥിക്ക് നേരിട്ടോ സ്ഥാനാർഥിയുടെ പേര് നിർദേശിക്കുന്ന നിയോജക മണ്ഡലത്തിലെ വോട്ടർക്കോ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒരു സ്ഥാനാർഥിക്ക് വേണ്ടി മൂന്ന് പത്രികകൾ വരെ സമർപ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഒരു പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിൽ പത്രിക സമർപ്പിക്കുന്ന സ്ഥാനാർഥിക്ക് അതേ പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ മറ്റൊരു വാർഡിൽ പത്രിക സമർപ്പണം സാധ്യമല്ല. അതേസമയം, ത്രിതല പഞ്ചായത്തുകളിലെ ഒന്നിലധികം തലങ്ങളിലെ വാർഡുകളിലേക്ക് പത്രിക നൽകാം. അതായത് ഒരു വ്യക്തിക്ക് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്ക് ഒരേസമയം മത്സരിക്കാം.

ഗ്രാമപഞ്ചായത്ത്-2000 രൂപ, ബ്ലോക്ക് പഞ്ചായത്ത്-4000 രൂപ, ജില്ല പഞ്ചായത്ത്-500 0രൂപ, മുനിസിപ്പാലിറ്റി-4000 രൂപ, കോർപറേഷൻ-5000 രൂപ എന്നിങ്ങനെയാണ് നാമനിർദേശ പത്രികയേടൊപ്പം സ്ഥാനാർഥി കെട്ടിവക്കേണ്ട തുക.

പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെടുന്നവർ ഇതിന്‍റെ 50 ശതമാനം തുക കെട്ടിവച്ചാൽ മതി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22നാണ്.

Tags:    
News Summary - kerala local-body-election nomination filing from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.