കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്‍റണി ആശാംപറമ്പിലിനും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. 2013ലും 2016ലും നടന്ന സംഭവങ്ങളുടെ സൂത്രധാരന്‍ ആന്‍റണിയാണെന്നും കേസിലുള്‍പ്പെട്ട ഭായ് നസീര്‍ അടക്കമുള്ള ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്നും സര്‍ക്കാറിന് വേണ്ടി സെന്‍ട്രല്‍ സി.ഐ എ. അനന്തലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
രാഷ്ട്രീയ ഗൂഢ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും കള്ളക്കേസില്‍പ്പെടുത്തി പീഡിപ്പിക്കാനും നഗരസഭാ ഭരണം യു.ഡി.എഫില്‍നിന്ന് തട്ടിത്തെറിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നും ചൂണ്ടിക്കാട്ടി ആന്‍റണി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം.
ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂര്‍ നവംബര്‍ ഒന്നിന് നല്‍കിയ പരാതിയിലാണ് ആന്‍റണിയെ ഒന്നും വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ജിന്‍സണ്‍ പീറ്ററിനെ രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കെട്ടിട നിര്‍മാണസ്ഥലത്തെ പൈലിങ് ചെളി നീക്കുന്നതിന്‍െറ കരാറുമായി ബന്ധപ്പെട്ട് തന്നെ ആന്‍റണി ആശാംപറമ്പിലിന്‍െ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്കാണ് പരാതി നല്‍കിയത്. ജിന്‍സണ്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേരേയും കണ്ടാലറിയാവുന്ന മറ്റ് 11 പേരെയും പരാമര്‍ശിച്ചായിരുന്നു പരാതി.
ഒന്നാം പ്രതിയുടെ വീട്ടില്‍ പരാതിക്കാരനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് മറ്റൊരു കേസ്. രണ്ട് സംഭവത്തിലും ആന്‍റണിക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആന്‍റണിയും ജിന്‍സണും പത്ത്, 13, 14, 15 പ്രതികളും ഒളിവിലാണ്. രണ്ട് പ്രതികളെ തിരിച്ചറിയാനുമുണ്ട്. 18 പ്രതികളുള്ള കേസില്‍ ബാക്കിയെല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടകളായ ഭായ് നസീര്‍ അഞ്ചാം പ്രതിയും കുണ്ടന്നൂര്‍ തമ്പി 18ാം പ്രതിയുമാണ്. ഇരുവരും അറസ്റ്റിലായി. ആസൂത്രിതമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവരെല്ലാവരും. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഹരജിക്കാരന്‍ തെളിവുകള്‍ നശിപ്പിച്ചും സാക്ഷികളെ സ്വാധീനിച്ചും കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. ഈ ക്രിമിനല്‍ സംഘങ്ങള്‍ സമൂഹത്തിന് വലിയ ഭീഷണിയാണെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.