ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകൾക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകൾ ഹൈകോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈകോടതി വാദം കേട്ടത്.

ഹരജി പരിഗണിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച്, രണ്ട് വിവാദ ഉത്തരവുകളും സ്റ്റേ ചെയ്യുകയായിരുന്നു. ഹരജികളിൽ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻെറ തീരുമാനം മൂലം സർക്കാറിൻെറ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാനാണിതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ, വളരെ കുറച്ച് പശുക്കൾ മാത്രമാണ് ലക്ഷദ്വീപിൽ ഉള്ളതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നായിരുന്നു അഡ്മിനിസ്ട്രേഷൻെറ നിലപാട്.

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫ് അടക്കം നീക്കിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. അതിനാൽ, ദ്വീപിലെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനങ്ങളിൽനിന്ന് അഡ്മിനിസ്ട്രേഷൻ പിന്തിരിയണമെന്നും കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    
News Summary - kerala high court stay for two controversial orders of Lakshadweep administrator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.