തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന് മുമ്പ് ചികിത്സാസഹായം ലഭിച്ചിരുന്ന പഴയ ബി.പി.എൽ കുടുംബങ്ങൾക്ക് തുടർന്നും ചികിത്സാസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് തീരുമാനം. നേരത്തേ ബി.പി.എൽ ലിസ്റ്റിൽ ഉണ്ടാവുകയും പുതിയ നിയപ്രകാരം മുൻഗണനേതര വിഭാഗത്തിൽപെടുകയും ചെയ്തവർക്ക് ഇനിമുതൽ ചികിത്സാസഹായം ലഭിക്കും. മുൻഗണന പട്ടികക്കെതിരെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി സർക്കാർ മുന്നോട്ടുവന്നത്.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണന വിഭാഗത്തിൽപെട്ടവർക്കാണ് സൗജന്യ റേഷനും ചികിത്സാ സഹായത്തിനും അർഹത. നേരത്തേ 98 ലക്ഷം പേരാണ് ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നിയമം വന്നതോടെ ഇവരിൽ നല്ലൊരു ശതമാനം പുറത്താവുകയും അനർഹർ മുൻഗണന പട്ടികയിൽ കടന്നുകൂടുകയും ചെയ്തു. ആദിവാസികളും മത്സ്യത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗവുമെല്ലാം നീല കാർഡിനും (മുൻഗണനേതര-സർക്കാർ സബ്സിഡി) വെള്ളക്കാർഡിനും (മുൻഗണനേതര- നോൺസബ്സിഡി) ഉടമകളായതോടെ അഞ്ചു ലക്ഷം പരാതികളാണ് ഇതുവരെ ഭക്ഷ്യവകുപ്പിന് ലഭിച്ചിരിക്കുന്നത്.
ചികിത്സാസഹായത്തിന് അർഹതയുള്ളവർ കലക്ടർക്ക് അപേക്ഷ നൽകണം. ഇവർക്ക് ലഭിച്ച റേഷൻകാർഡിൽ പുതിയ സീൽ പതിപ്പിച്ചുനൽകും. അനർഹരെ പുറത്താക്കുന്ന മുറക്ക് ഇവരെ റീ റാങ്കിങ് നടത്തി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. അതിനായി കർമപദ്ധതിക്കും ഭക്ഷ്യവകുപ്പ് രൂപംനൽകിയിട്ടുണ്ട്. അതേസമയം ചികിത്സാസഹായം ലഭ്യമാകുമെങ്കിലും സൗജന്യ റേഷൻ ഇത്തരക്കാർക്ക് ഉണ്ടാകില്ല. ഇവർക്ക് നിലവിലെ രീതിയിൽതന്നെ റേഷൻ വിതരണം തുടരും.
അതേസമയം ജി.എസ്.ടിയിൽ അവ്യക്തയുള്ളതിനാൽ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ ഭക്ഷ്യപൊതുവിതരണവകുപ്പ് ജില്ല സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി. നേരത്തേ നികുതിയില്ലാതിരുന്ന മണ്ണെണ്ണക്ക് ജി.എസ്.ടി വന്നതോടെ അഞ്ച് ശതമാനമാണ് നികുതി. 239 ഡീലർമാരാണ് സംസ്ഥാനത്തിന് മണ്ണെണ്ണ നൽകുന്നത്. ഇതിൽ 29 ഡീലർമാർ മാത്രമേ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളൂ. മറ്റുള്ളവരും കൂടി രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മുറക്ക് മാത്രമേ സംസ്ഥാനത്ത് ഇനി മണ്ണെണ്ണ വിതരണം നടക്കൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.