കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത് കമ്പനി. തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകിയത്. മുമ്പ് 2 മാസത്തെ ശമ്പളം നൽകിയിരുന്നു. മന്ത്രി ബിന്ദു കൃഷ്ണ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ശമ്പളം നൽകാൻ തീരുമാനമായിരുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുത്തത്. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റു രേഖകളും കമ്പനി നൽകുമെന്നും ചർച്ചയിൽ തീരുമാനമായിരുന്നു. തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത്ത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ ഞങ്ങൾക്ക് സമയം ലഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.
കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരമായിരുന്നു. ജൂലൈ 10ന് നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് അടുത്ത ചർച്ച വിജയകരമായത്. കമ്പനി അധികൃതർ നേരിട്ടെത്തിയാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ഇതോടെ നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകാൻ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ തുക ജൂലൈ 26നകം ജീവനക്കാർക്ക് കൈമാറുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പിരിച്ചുവിട്ട ജീവനക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തത്. പിരിച്ചുവിട്ടവർക്ക് ഭാവിയിൽ തൊഴിൽ ലഭിക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നൽകാൻ കമ്പനി സമ്മതിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക കരാർ കമ്പനിയുമായി ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലേബർ കമ്മീഷണറും സ്പെഷ്യൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചർച്ച ഒത്തുതീർപ്പിൽ എത്തിയത്.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി കേരളത്തിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കേരളത്തിലെ ഓഫീസുകൾ പൂട്ടിയെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസുകളിൽ പുതിയ ജീവനക്കാരെ നിയമിച്ച് കമ്പനി പ്രവർത്തനം തുടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.