തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കച്ചതിനെത്തുടർന്ന് സ്തംഭിച്ച മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും കണ്ണുതുറന്നു. കഴിഞ്ഞദിവസം മുതൽ പിഴ ചുമത്തിത്തുടങ്ങി. നേരത്തേ കാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങളും ഉടന്‍ അപ്‌ലോഡ് ചെയ്യും. എ.ഐ കാമറകളുടെ മേൽനോട്ടവും നടത്തിപ്പും കെൽട്രോണിനാണ്.
കരാർ പ്രകാരം റോഡ് സുരക്ഷ അതോറിറ്റി കെൽട്രോണിന് നിശ്ചിത ഗഡുകളായി പണം അനുവദിക്കും. ഇത്തരത്തിൽ റോഡ് സുരക്ഷ അതോറിട്ടിയില്‍നിന്ന് 55 കോടി രൂപ കെൽട്രോണിന് കിട്ടാനുണ്ട്.
ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെല്‍ട്രോണിന് ഇന്റര്‍നെറ്റ് ബിൽ അടയ്ക്കാനാകാത്തതാണ് എ.ഐ കാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. കെൽട്രോണിനുള്ള കുടിശ്ശിക തീർപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച ആരംഭിച്ചു. ഇതിൽ വിശ്വാസമർപ്പിച്ച് കെൽട്രോൺ സ്വന്തംനിലയ്ക്ക് തുക അടച്ചതോടെയാണ് ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്. 2023 ഏപ്രിലിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സംസ്ഥാനത്ത് 625 എ.ഐ കാമറകള്‍ സ്ഥാപിച്ചത്. കെൽട്രോണിന് നൽകേണ്ട പണത്തിന്‍റെ കാര്യത്തിൽ തുടക്കംമുതൽ അലംഭാവമായിരുന്നു. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ആദ്യഗഡു കിട്ടിയത്. പിന്നാലെ മറ്റു തവണകള്‍ കുടിശ്ശികയായി.
232 കോടി രൂപ ചെലവിട്ട പദ്ധതിയില്‍ ഇതുവരെ പിഴ ഇനത്തില്‍ 325 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. പദ്ധതി നടത്തിപ്പിന് 14 ജില്ലകളിലും കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് കെല്‍ട്രോണ്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും ഓഫിസ് ചെലവും കെല്‍ട്രോണാണ് വഹിക്കേണ്ടത്. പിഴ ചുമത്തിയത് സംബന്ധിച്ച വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കേണ്ട ചുമതലയും കെല്‍ട്രോണിനാണ്. പ്രതി വര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനാണ് കരാര്‍. 40 ലക്ഷത്തിന് മുകളിൽ നോട്ടീസ് അയക്കേണ്ട സ്ഥിതിയാണ്. ഇതിന് സര്‍ക്കാര്‍ അധിക തുക നല്‍കാത്തതിനാല്‍ നിലവില്‍ എസ്.എം.എസ് മാത്രമാണ് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.