കേരള ഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് ജനപ്രതിനിധികൾ പ്രതികളായ തീർപ്പാകാത്ത കേസുകളുടെ കൃത്യമായ കണക്ക് സമർപ്പിക്കണമെന്ന് ഹൈകോടതി. സിറ്റിങ് എം.പിമാർ, എം.എൽ.എമാർ, മുൻ എം.പിമാർ, എം.എൽ.എമാർ എന്നിവർക്കെതിരെ ജൂൺ 30 വരെ വിവിധ കോടതികളിൽ 555 കേസുള്ളതായി ഹൈകോടതി അഡ്മിനിസ്‌ട്രേഷൻ വിഭാഗവും 256 കേസുകൾ മാത്രമാണുള്ളതെന്ന് പൊലീസ് മേധാവിയും റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് പൊരുത്തക്കേട് പരിഹരിച്ച് കൃത്യമായ കണക്ക് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
ഭാവിയിൽ റിപ്പോർട്ടുകൾ നൽകുമ്പോൾ പൊലീസ് മേധാവി കൂടുതൽ ജാഗ്രത പുലർത്തണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പുരോഗതി വിലയിരുത്താൻ സുപ്രീംകോടതി നിർദേശപ്രകാരം 2021ൽ സ്വമേധയാ എടുത്ത കേസാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.
അഞ്ചു വർഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ടു വർഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമൻസോ ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ല ജുഡീഷ്യറിയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം നഗരത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ ഏറെയും വാറന്റുകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ ജില്ല ജുഡീഷ്യറിയുടെ കണക്കുകൾ പരിശോധിച്ച് വിശദ റിപ്പോർട്ട് നൽകാൻ പൊലീസ് എ.ഐ.ജിക്ക് കോടതി നിർദേശം നൽകി. ഹരജി ആഗസ്റ്റ് 13ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.