എം.ആർ. അജിത് കുമാർ

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എം.ആർ. അജിത്കുമാറിനെതിരെ കേസെടുക്കാൻ സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ക്രമസമാധാന ചുമതലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനും സാധ്യത.

സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ കേസ് അട്ടിമറിക്കുന്നതിന് അജിത്കുമാറിന്‍റെ ഇടപെടൽ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ കോടതിയുടെ നിർദേശാനുസരണമാണ് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ച് ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിച്ചത്. ആ സാഹചര്യത്തിൽ എ.ഡി.ജി.പിയുടെ ഇടപെടലുൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ കൃത്യവിലോപത്തിന് എ.ഡി.ജി.പിയെ പ്രതിചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്വമേധയാ കേസെടുത്തില്ലെങ്കിൽ എസ്.ഐ.ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാലും കോടതി നിർദേശാനുസരണം കേസെടുക്കേണ്ടിവരും.

അതേസമയം സസ്പെൻഷൻ നടപടിക്കെതിരെ എം.ആർ. അജിത്കുമാർ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം. തനിക്ക് ലഭിക്കേണ്ട ഡി.ജി.പി സ്ഥാനം നഷ്ടപ്പെടുത്താൻ ബോധപൂർവം നടന്ന ശ്രമമാണിതെന്നാകും അദ്ദേഹം ആരോപിക്കുക. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന കാരണത്താലാണ് നടപടിയെന്നും കേസ് ഡടി യറി തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപകൈക്കൊണ്ടില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ അജിത്കുമാർ ഉന്നയിക്കുമെന്നാണ് വിവരം. അജിത്കുമാറിനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ സി.എം.ഡി സ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിക്കേണ്ടതുണ്ട്.

31ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ സർവിസിൽനിന്ന് വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. ആ സാഹചര്യത്തിൽ ഇനിയൊരു സ്ക്രീനിങ് കമ്മിറ്റി യോഗം ചേരേണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അജിത്കുമാറിനെ സ്ഥാനക്കയറ്റത്തിന് പരിഗണിച്ചില്ലെങ്കിൽ ജയിൽ മേധാവി എസ്. ശ്രീജിത്തിനെ ഡി.ജി.പി സ്ഥാനക്കയറ്റത്തിന് പരിഗണിച്ചേക്കും.

നിലവിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവരാണ് ഡി.ജി.പി റാങ്കിലുള്ളത്.

Tags:    
News Summary - 'Rescue operation' case: M.R. Ajithkumar likely to be charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.