നവീൻബാബുവിന്റെ മരണം: അറിയാനുണ്ട് ചില നേരുകൾ

കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻബാബുവിന്റെ മരണം ഒടുവിൽ സി.ബി.ഐ അന്വേഷണത്തിന് വിടുമ്പോൾ നേരെല്ലാം പുറത്തുവരുമോ. കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ ഏക പ്രതിയായ സംഭവത്തിൽ ഗൂഢാലോചന നടന്നോ എന്നതാണ് പ്രധാന ചോദ്യം. മരണം ആത്മഹത്യയാണെന്നും തലേന്ന് കലക്ടറേറ്റ് ഹാളിൽ നടത്തിയ യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ കുത്തുവാക്കുകളിൽ മനംനൊന്താണ് മരണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

നവീന്റെ കുടുംബത്തിന്റെ ഹരജി പ്രകാരം തുടരന്വേഷണ റിപ്പോർട്ടും തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (രണ്ട്) മുമ്പാകെ കഴിഞ്ഞയാഴ്ച സമർപ്പിച്ചു. കേസ് തലശ്ശേരി കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനിടെയാണ് അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. സി.ബി.ഐ അന്വേഷണ ആവശ്യം ഹൈകോടതിയും സുപ്രിംകോടതിയും ഒരിക്കൽ തള്ളിയതിനാൽ സി.ബി.ഐ നിലപാടും നിർണായകമാണ്.

കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാൻ ടി.വി. പ്രശാന്ത് എന്ന അപേക്ഷകനിൽനിന്ന് 98,500 രൂപ നവീൻബാബു കൈക്കൂലി വാങ്ങിയെന്നാണ് അന്ന് ഉയർന്ന ആരോപണം. 2024 ഒക്ടോബർ 15ന് പുലർച്ച നവീൻബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടയുടൻ പ്രശാന്തിന്റെ പേരിൽ ഒരുകത്ത് പ്രചരിച്ചു. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് ആ കത്ത്.

അത് വ്യാജമെന്ന് തെളിയിക്കുന്ന ചില വിവരങ്ങൾ പുറത്തുവന്നിട്ടും അതിൽ കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതി ആര്, എവിടെ തയാറാക്കിയതെന്നതിലും ദുരൂഹത മാറിയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലെ ടെക്നീഷ്യനായ പ്രശാന്തിന് കോടികൾ ചെലവഴിച്ച് പെട്രോൾ പമ്പ് തുടങ്ങാൻ പണം എവിടെനിന്ന് എന്നതിലും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. പി.പി. ദിവ്യ അറസ്റ്റ് ചെയ്യപ്പെട്ട 2024 നവംബർ 29വരെ അവർ സ്വന്തം ഫോൺ ഉപയോഗിച്ചിരുന്നു. എ.ഡി.എമ്മിന്റെ മരണശേഷവും അന്നത്തെ കലക്ടർ, പമ്പുടമ പ്രശാന്ത് എന്നിവരെ അവർ വിളിച്ചിരുന്നു. അന്വേഷണസംഘം ദിവ്യയുടെ ഫോൺ കസ്റ്റഡിയിലെടുത്തത് നവംബർ 29ന് ആണ്.

നവംബർ 14,15 തീയതികളിലെ ഫോൺ ചാറ്റ് മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂ. സംഭവത്തിനു മുമ്പും ശേഷവും ദിവ്യയും കലക്ടറുമായുള്ള ഫോൺ ചാറ്റ് കിട്ടിയിരുന്നില്ല. അഴിമതി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്ത് നവീൻബാബുവിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സ് പരിസരത്ത് എത്തിയെന്നതു തെളിയിക്കുന്നതിനുള്ള എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ഫൂട്ടേജാണ് കുടുംബം ആവശ്യപ്പെടുന്നത്. പ്രശാന്ത് കൊയ്യം സർവിസ് സഹകരണ ബാങ്കിൽ സ്വർണം പണയംവച്ചതിന്റെയും പണമിടപാടിന്റെയും രേഖകളും കുടുംബം ആവശ്യപ്പെടുന്നു. ഇതെല്ലാം സി.ബി.ഐ വരുന്നതോടെ തെളിയിക്കപ്പെടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Full View


Tags:    
News Summary - Kerala government orders CBI probe into ADM Naveen Babu's death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.