പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയായ ഇയാൾ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് പട്ടാമ്പിയിലെത്തിയത്. സുഹൃത്തിനൊപ്പം പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നുവെന്ന് ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു.
30ന് സ്രവം പരിശോധനക്കെടുത്തു. ഇതിനിടെ ശനിയാഴ്ച ആരോഗ്യവകുപ്പ് അധികൃതരറിയാതെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങി. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ആേരാഗ്യവകുപ്പ് അധികൃതർ എത്തിയപ്പോഴാണ് മുങ്ങിയ വിവരമറിഞ്ഞത്.തൃത്താലയിൽനിന്ന് കോഴിക്കോടുവരെ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഇയാൾ കോഴിക്കോട് ചെരിപ്പ് കടയിൽ ബൈക്ക് െവച്ച ശേഷം കെ.എസ്.ആർ.ടി.സിയിൽ കൊയിലാണ്ടിയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് അധികൃതർക്ക് ഫോണിൽ ബന്ധപ്പെടാനായത്.
തുടർന്ന് പൊലീസിന് വിവരം കൈമാറി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവന്നേക്കുെമന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.