മലപ്പുറം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ആശയപരമായി യോജിക്കാൻ പറ്റുന്ന ആരുമായും യു.ഡി.എഫ് യോജിക്കും. അത് വിശാലാർഥത്തിൽ പറഞ്ഞതാണ്. കേരള കോൺഗ്രസിനെ കൊണ്ടുവരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അർധസമ്മതം കൊണ്ട് ഒന്നും നടക്കില്ല. ഫോർമുല വെച്ചുള്ള ചർച്ച ആരുമായും ഉണ്ടായിട്ടില്ല. കൂടുതൽ കക്ഷികൾ യു.ഡി.എഫിലേക്ക് വരുന്ന ട്രെൻഡ് ഉണ്ടാകും. ഇപ്പോൾ അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, മാണി സി. കാപ്പൻ വീട്ടിൽ വന്ന കാര്യം കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. നേതാക്കൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം ചർച്ചയാകും. മാണി സി. കാപ്പൻ വന്നപ്പോഴും സ്വാഭാവികമായും രാഷ്ട്രീയം ചർച്ചയായി. എന്നാൽ അജണ്ട വെച്ച് ഒന്നും ചർച്ചചെയ്തിട്ടില്ല. ബാക്കി കാര്യങ്ങൾ കുറച്ചുകഴിഞ്ഞ് പറയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങൾ പടരവെ, കേരള കോൺഗ്രസ് എൽ.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി ചെയർമാൻ ജോസ് കെ. മാണി രംഗത്തുവന്നിരുന്നു. പലയിടങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നും കേരള കോൺഗ്രസ് എവിടെയാണോ അവിടെ ഭരണമുണ്ടെന്നും ജോസ് കെ. മാണി പ്രതികരിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.