രമേശ് പിഷാരടി, പി.വി. അൻവർ

കോൺഗ്രസ് പട്ടിക; പാലക്കാട്ട് പിഷാരടിക്ക് സാധ്യത, പി.വി. അൻവർ ബേപ്പൂരിൽ സീറ്റുറപ്പിച്ചു

തിരുവനന്തപുരം: സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ 50 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. ഇതിൽ 40 ഇടത്തേത് ഒറ്റപ്പേരുള്ള പട്ടികയാണ്. പത്തിടത്ത് ഒന്നിലിധം പേരുള്ള പാനലും. വിവിധ സർവേകളുടെ അടിസ്ഥാനത്തിലും ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും തയാറാക്കിയ സ്ഥാനാർഥി പട്ടികയാണ് സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയിലെ ചർച്ചക്കുശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പ്രഖ്യാപിക്കേണ്ടത്.

കെ. ബാബു (തൃപ്പൂണിത്തുറ), രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്) എന്നിവരെയൊഴികെ ബാക്കി എല്ലാ സിറ്റിങ് എം.എൽ.എമാരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വട്ടിയൂർകാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്, കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കോങ്ങാട്ട് കെ.എ. തുളസി, കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്ത് കെ.എം. അഭിജിത്ത് എന്നീ പേരുകളാണ് പട്ടികയിൽ.

പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട്ട് സിനിമ നടൻ രമേഷ് പിഷാരടി സ്ഥാനാർഥിയായേക്കും. ഇവിടേക്ക് ശബരീനാഥൻ, കെ. മുരളീധരൻ, കണ്ണൻ ഗോപിനാഥൻ എന്നീ പേരുകൾ ഉയർന്നിരുന്നു. പേരാമ്പ്ര, കണ്ണൂർ മണ്ഡലങ്ങളിൽനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരുണ്ട്. അബിൻ വർക്കി (ആറന്മുള), അരിത ബാബു (കായംകുളം) എന്നീ പേരുകളടങ്ങിയ യൂത്ത് കോൺഗ്രസ് പട്ടികയും നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. യു.ഡി.എഫിനെ സംബന്ധിച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവുമായുള്ള സീറ്റ് വിഭജനമാണ് ഇനി ധാരണയിലാകാനുള്ളത്.

മുസ്ലിം ലീഗുമായി വെച്ചുമാറൽ ധാരണ യാഥാർഥ്യമായാൽ തിരുവമ്പാടിയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി സ്ഥാനാർഥിയാകും. സി.എം.പിയുടെ ആവശ്യം അംഗീകരിച്ചാൽ സി.പി. ജോൺ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ചർച്ച നടത്തും. യു.ഡി.എഫുമായി സഹകരിക്കുന്ന പി.വി. അൻവർ ബേപ്പൂരിൽ സീറ്റുറപ്പിച്ചിട്ടുണ്ട്. അനൂപ് ജേക്കബ് സ്ഥിരം സീറ്റായ പിറവത്ത് മത്സരിക്കും.

Tags:    
News Summary - Congress list; Pisharady is likely to contest from Palakkad, P.V. Anwar has secured a seat from Beypore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.