കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പെരുപ്പിച്ച ബില്ലുകളും ആധികാരികതയില്ലാത്ത രസീതുകളും ഓഡിറ്റിന് ഹാജരാക്കിയ സാഹചര്യം ഗുരുതരമെന്ന് ഹൈകോടതി. കൃത്യമായ കണക്കുകൾ ഹാജറാക്കാത്തത് സാമ്പത്തിക അച്ചടക്കമിയ്മയാണ്. ക്രമക്കേടുകളിൽ നിശബ്ദ കാഴ്ചക്കാരായി ഇനി തുടരാനാകില്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
കണക്കുകളിലെ പൊരുത്തക്കേടുകൾ വിശദീകരിക്കാൻ മൂന്നാഴ്ച സമയം വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം തള്ളിയ കോടതി അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റിങ് നടത്തിയ തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സിനെ കേസിൽ കക്ഷി ചേർത്തു. ഓഡിറ്റിങ്ങിന്റെ ഭാഗമായി പരിശോധിച്ച ബില്ലുകൾ, രസീതുകൾ, ലഡ്ജറുകൾ, കരാർ രേഖകൾ തുടങ്ങിയവ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
അയ്യപ്പ സംഗമത്തിന്‍റെ വരവു ചെലവു കണക്കുകൾ സംബന്ധിച്ച ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നിയമപരമായ ഓഡിറ്റ് നടക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. രണ്ടുതവണ കത്തയച്ചിട്ടും ബോർഡ് ആവശ്യമായ രേഖകൾ കൈമാറിയില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് വിശദീകരിച്ചു. ഇവ പരിശോധിക്കാതെ, നിലവിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് നടത്തിയ ഓഡിറ്റിന്‍റെ ആധികാരിക കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി.
എന്നാൽ, ബില്ലുകളും മറ്റും പരിശോധിക്കാൻ ദേവസ്വം കമീഷണർ, അക്കൗണ്ട്സ് ഓഫിസർ, ചീഫ് എൻജിനിയർ എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അയ്യപ്പ സംഗമത്തിന് കരാർ എടുത്തിരുന്ന ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാൽ, കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഒരു ദിവസം മാത്രം നടന്ന പരിപാടിയുടെ കണക്കുകൾക്കായി മൂന്നു മാസത്തിലധികം സമയം നൽകിയെന്നും ഇനി നീട്ടി നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ധനലക്ഷ്മി ബാങ്കിൽ അയ്യപ്പ സംഗമത്തിനായി തുറന്ന ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിലുള്ള അക്കൗണ്ടിന്‍റെ 2025 ആഗസ്റ്റ് എട്ട് മുതൽ 2026 ഫെബ്രുവരി രണ്ട് വരെയുള്ള സ്റ്റേറ്റ്മെന്‍റ് ഹാജരാക്കാൻ ബോർഡിനോട് നിർദേശിച്ച കോടതി ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.