സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയുള്ളവർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ല കമ്മിറ്റി നൽകിയ സ്ഥാനാർഥിപ്പട്ടിക സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളി. നിലവിലെ ആറ് സിറ്റിങ് എം.എൽ.മാർ മത്സരിക്കും. രണ്ട് ടേം പൂർത്തിയാക്കിയ കായംകുളത്ത് യു. പ്രതിഭയും ഒരുതവണ മത്സരിച്ച അരൂരിലെ ദലീമ ജോജോയെയും മാറ്റണമെന്നായിരുന്നു ജില്ല കമ്മിറ്റിയുടെ നിർദേശം.

പകരം ജില്ല സെക്രട്ടറി ആർ. നാസർ, കൺട്രോൾ കമീഷൻ അംഗം കെ.എച്ച്. ബാബുജാൻ എന്നിവരുടെ പേരുകളാണ് നൽകിയത്. നിലവിൽ മത്സരിക്കുന്ന സിറ്റിങ് എം.എൽ.എമാരെ മാറ്റിയാൽ തെരഞ്ഞെടുപ്പിൽ ദോഷമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

തിങ്കളാഴ്ച ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ. നാസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിൽ സാമുദായിക സമവാക്യം നിലനിർത്താൻ ദലീമയും പ്രതിഭയും മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു. ലത്തീൻ വിശ്വസികൾക്ക് വേരോട്ടമുള്ള ആലപ്പുഴയിൽ ദലീമയെ മാറ്റി നിർത്തേണ്ടതില്ലെന്നും ഒരുതവണ മാത്രമാണ് മത്സരിച്ചതെന്നും വിശദീകരിച്ചു.

കഴിഞ്ഞതവണ മത്സരിച്ച സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാൻ ചെങ്ങന്നൂരിലും സിറ്റിങ് എം.എൽ.എമാരായ യു. പ്രതിഭ കായംകുളത്തും ദലീമാ ജോജോ അരൂരിലും പി.പി. ചിത്തരഞ്ജൻ ആലപ്പുഴയിലും എച്ച്. സലാം അമ്പലപ്പുഴയും എം.എസ്. അരുൺകുമാർ മാവേലിക്കരയിലും ഇക്കുറി ജനവിധി തേടും.

ഒമ്പത് നിയമസഭ സീറ്റിൽ ആറിടത്താണ് സി.പി.എം മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് യു. പ്രതിഭയെയും ദലീമയെയും മാറ്റുന്ന കാര്യം ചർച്ചയായത്. അന്ന് മുൻമന്ത്രി ജി.സുധാകരന്റെ പേര് ചിലർ ചോദിച്ചെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ല.

Tags:    
News Summary - CPM Alappuzha District Committee candidate list rejected by state leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.