വി.ഡി. സതീശൻ മുഖ്യമന്ത്രി
ന്യൂഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡൽഹിയിൽ നടന്നേക്കുമെന്ന് സൂചന. 12 മണിക്ക് എ.ഐ.സി.സി വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. ദീപദാസ് മുൻഷിയും നിരീക്ഷകരുമാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുക. എന്നാൽ, കെ.സി. വേണുഗോപാൽ ഉണ്ടാകില്ല.കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ കാത്തിരിപ്പ് 11ദിവസത്തിലേക്ക് കടന്ന സാഹചരത്തിലാണ് ചടുല നീക്കവുമായി കോൺഗ്രസ് നേതൃത്വം എത്തിയിരിക്കുന്നത്.
അതിനിടെ, ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക്ക്, സൂര്യകാന്ത് എന്നീ കോൺഗ്രസ് ദേശീയ നേതാക്കളെയും വഹിച്ചുള്ള പ്രത്യേക ചാർട്ടേഡ് വിമാനം ഇന്ന് വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരത്തിറങ്ങും.അവസാനഘട്ട കൂടിക്കാഴ്ചക്ക് കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. രണ്ട് മണിക്കൂർ കൂടിക്കാഴ്ച നീണ്ടു.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നലെ ധാരണയിലെത്തിയിരുന്നു. ചർച്ചകളെല്ലാം അവസാനിച്ചുവെന്നും ഇരുവരും ചേർന്ന് കൈക്കൊണ്ട തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്കായി ഡൽഹിയിൽനിന്ന് ഇന്ന് രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനം. എന്നാൽ, ഏറ്റവും ഒടുവിൽ ഇതിൽ സമയമാറ്റം വരുത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം പൂർത്തിയാകുമ്പോഴാണ് കാലവിളംബത്താൽ ജനങ്ങളിലും അണികളിലും നീരസമുണ്ടാക്കിയ മുഖ്യമന്ത്രി പ്രഖ്യാപനം. കേരളത്തിൽനിന്നുള്ള കെ.പി.സി.സി മുൻ പ്രസിഡന്റുമാരെയും വർക്കിങ് പ്രസിഡന്റുമാരെയും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10, ജൻപഥിലേക്ക് വിളിച്ചുവരുത്തി രാഹുൽ ഗാന്ധി ഒറ്റക്കൊറ്റക്ക് നടത്തിയ കൂടിക്കാഴ്ച ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അവസാനിച്ചിരുന്നത്. അതിന്റെ തുടർച്ചയായി ബുധനാഴ്ച ഖാർഗെയെ കണ്ട് പ്രഖ്യാപനം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുപോയിരുന്നതിനാൽ അവർ വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് രാഹുൽ-ഖാർഗെ കൂടിക്കാഴ്ച നടന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചര മണിക്കാണ് രാഹുൽ, മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയായ 10, രാജാജി മാർഗിലെത്തിയത്. ഖാർഗെയുമായുള്ള രാഹുലിന്റെ ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ചർച്ച കഴിഞ്ഞ് രാഹുൽ മടങ്ങിയതിന് പിന്നാലെ മാധ്യമ വിഭാഗം മേധാവിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശിനെ ഖാർഗെ വസതിയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഖാർഗെയുടെ നിർദേശപ്രകാരമാണ് പ്രഖ്യാപനം വ്യാഴാഴ്ചയാണെന്ന് ജയ്റാം രമേശ് അറിയിച്ചത്.
കോൺഗ്രസിന്റെ 63 നിയുക്ത എം.എൽ.എമാർ കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയുടെയും എ.ഐ.സി.സി നിരീക്ഷകരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ആദ്യം ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയ ഒറ്റവാചകത്തിലുള്ള പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചത്.
വി.ഡി. സതീശൻ മുഖ്യമന്ത്രി
കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും തീരുമാനം അറിയിച്ചതായി സൂചന
രമേശ് ചെന്നിത്തലയുമായി രാഹുൽ ഗാന്ധി അരമണിക്കൂർ സംസാരിച്ചു
ദീപാദാസ് മുൻഷിയും നിരീക്ഷകരും 12 മണിക്ക് മാധ്യമങ്ങളെ കാണും
വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ പങ്കെടുക്കില്ല
മുഖ്യമന്ത്രിയെ 12 മണിക്ക് പ്രഖ്യാപിച്ചേക്കും?, എ.ഐ.സി.സി വാർത്താസമ്മേളനം 12ന്
രാഹുലും പ്രിയങ്കയും കെ.സിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക്ക്, സൂര്യകാന്ത് എന്നിവർ ഖാർഗെയുടെ വീട്ടിൽ എത്തി
മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ നടന്നേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.