തിരുവനന്തപുരം: എക്സിറ്റ് പോളിൽ പങ്കെടുത്തവരിൽ അധികവും മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവുകളെ അംഗീകരിച്ചതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. എക്സിറ്റ് പോൾ സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനാണ് കൂടുതൽ ആളുകൾ വോട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എൽ.ഡി.എഫ് ഗവൺമെന്റിന് നേതൃത്വം കൊടുത്ത സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പരിണിതപ്രജ്ഞനായ മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവുകളെ, മുഖ്യമന്ത്രി എന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയാണ് ഈ എക്സിറ്റ് പോളിൽ പങ്കെടുത്ത ഭൂരിപക്ഷം വോട്ടർമാരും ചെയ്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഭരണവിരുദ്ധ വികാരം എന്ന ഒരു സാഹചര്യമില്ല. മുഖ്യമന്ത്രിക്കെതിരെ പലരും അസൂത്രിതമായി വളരെ നിലവാരം താണ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അതൊന്നും ഈ എക്സിറ്റ് പോളിൽ അഭിപ്രായം പ്രകടിപ്പിച്ച വോട്ടർന്മാരെ ബാധിച്ചിട്ടില്ല -എം.എ. ബേബി പറഞ്ഞു.
‘കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം, നേരിയ മുൻതൂക്കം, ഇഞ്ചോടിഞ്ച് ഇങ്ങനെ മൂന്നു തരത്തിലാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് എന്നുള്ള ഒബ്സർവേഷൻ ആണ് ചാണക്യ നടത്തിയത്. എന്നാൽ നല്ല ഭൂരിപക്ഷം യുഡിഎഫിന് കിട്ടുമെന്ന് പറയുന്നവരുണ്ട്, നേരിയ വ്യത്യാസം മാത്രം എന്ന് പറയുന്നവരുണ്ട്. തമിഴ്നാടിനെ സംബന്ധിച്ചാണെങ്കിൽ ഡിഎംകെ മുന്നണി ജയിക്കാൻ പോകുന്നു എന്ന് പറയുന്നതാണ് കൂടുതൽ. സിനിമാടൻ വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടും എന്ന് പക്‍യുന്ന എക്സിറ്റ് പോളുകളും അവിടെയുണ്ട്. ബംഗാളിൽ ടിഎംസി എന്നും ബിജെപി എന്നും പറയുന്നുണ്ട്. ബിജെപി എന്ന് പറയുന്നത് ആണ് താരതമ്യനെ കൂടുതൽ. വലിയ വ്യത്യാസമില്ലാത്ത ഒബ്സർവേഷൻ ഉള്ളത് അസമിനെ കുറിച്ചും പുതുച്ചേരിയെ കുറിച്ചുമാണ്.
മുൻകാല അനുഭവം വെച്ച് എക്സിറ്റ് പോളുകൾ യഥാർത്ഥ ഫലത്തിന്റെ അടുത്ത് എത്തിയ സന്ദർഭങ്ങളും അടുതത്തെത്താത്ത സന്ദർഭങ്ങളും ഉണ്ട്. കേരളത്തിലുള്ളവർക്ക് പെട്ടെന്ന് ഓർക്കാൻ കഴിയുന്നത് അഞ്ചു വർഷം മുമ്പ് നടന്ന എക്സിറ്റ് പോളുകളാണ്. അതിൽ ഇടതു മുന്നണി ജയിക്കില്ല, തുടർഭരണം ഉണ്ടാവില്ല എന്ന തരത്തിലുള്ള എക്സിറ്റ് പോളുകൾ വന്നിരുന്നു. എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണെന്നായിരുന്നു ഭൂരിപക്ഷവും വന്നത്. അവരൊക്കെ 80 -85 സീറ്റ് റേഞ്ചിലാണ് എൽഡിഎഫിന്റെ വിജയസാധ്യത പ്രവചിച്ചത്. അവസാനം കിട്ടിയതാവട്ടെ 99 ആണ്. 14 സീറ്റ് പ്രവചിച്ചതിനേക്കാൾ കൂടുതൽ എൽഡിഎഫിന് കിട്ടി. ഇത്തവണ മിക്കവാറും കേരളത്തെ സംബന്ധിച്ച് എക്സിറ്റ് പോളുകളിൽ എല്ലാം ഒമ്പതിന്റെയും എട്ടിന്റെയും അഞ്ചിന്റെയും നാലിന്റെയും ഒക്കെ വ്യത്യാസമാണ്. അപ്പോ അതുകൊണ്ട് ഈ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരു ഫലം ഉണ്ടാകും. ഇടതുമുന്നണിക്ക് അനുകൂലമായ വിധി ആവും എന്ന എൽഡിഎഫ് പ്രവർത്തകരുടെ വിചാരത്തിൽ ഉറച്ചു നിൽക്കുകയാണ്.
ഇതിനെക്കുറിച്ച്, ഒരുപാട് ഉഹാപോഹം നടത്തുന്നതിന് ഞാൻ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. നാലാം തീയതി അറിയാൻ പോവുകയാണ് യഥാർഥ ഫലം. എക്സിറ്റ് ഫലം എത്രത്തോളം യഥാർത്ഥ ജനവിധിക്ക് അടുത്തെത്തും എന്നുള്ള അക്കാദമിക് പരിശോധന നടത്താം. അത്രമാത്രമാണ് അതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.