ആം ആദ്മി-ട്വന്‍റി ട്വന്‍റി സഖ്യം പ്രഖ്യാപിച്ച് കെജ്രിവാൾ; 'കേരളത്തിൽ സർക്കാർ ഉണ്ടാക്കും'

കൊച്ചി: കേരളത്തിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യം ഉയർത്തി ട്വന്‍റി20 -ആം ആദ്മി പാർട്ടി സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ. ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്​, ഇനി കേരളമെന്നാണ് കെജ്​രിവാളിന്‍റെ വാക്കുകൾ. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി അറിയപ്പെടുകയെന്ന് പരിപാടിയിൽ അരവിന്ദ് കെജ്​രിവാളും ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബും ചേർന്ന് പ്രഖ്യാപിച്ചു.

കേരളത്തിലും സർക്കാറുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിയുമെന്ന് കെജ്​രിവാൾ പറഞ്ഞു. ഡൽഹിയിൽ തങ്ങൾ നടപ്പാക്കിയതുപോലുള്ള വികസനമുണ്ടാകണമെങ്കിൽ കേരളത്തിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം. എന്തിനും കൈക്കൂലി വേണമെന്ന അവസ്ഥയിൽനിന്നാണ് ഡൽഹിയെ അഴിമതിമുക്തമാക്കിയത്. ജനക്ഷേമവും രാജ്യവികസനവും ലക്ഷ്യമിടുന്നതാണ് തങ്ങളുടെ പ്രവർത്തനം. നല്ല മനുഷ്യരെയടക്കം കേരളത്തിന് ഒരുപാട് കാര്യങ്ങൾ ദൈവം നൽകിയിട്ടുണ്ട്. പത്ത് വർഷം മുമ്പ് ആം ആദ്മിയെയോ കെജ്​രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു.

Full View

ദിവസങ്ങളോളം നിരാഹാര സമരം നടത്തിയപ്പോൾ ജീവൻതന്നെ അപകടത്തിലാകുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അത് ദൈവത്തിന്‍റെ അനുഗ്രഹമാണ്. പത്ത് വർഷം മുമ്പ് ആർക്കും അറിയില്ലായിരുന്ന ഒരു പാർട്ടിയാണ് വളരെ വേഗത്തിൽ ഡൽഹിയിൽ അധികാരത്തിലെത്തിയത്. അതേ നിലയിൽ കേരളത്തിലും അധികാരത്തിലെത്താൻ കഴിയും. ഡൽഹിയിലും പഞ്ചാബിലും പ്രമുഖരായ നേതാക്കളെയാണ് സാധാരണക്കാരായ തങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. നാലും അഞ്ചും തവണ എം.എൽ.എമാരായിരുന്നവരെ സാധാരണ വീട്ടമ്മമാരായ സ്ഥാനാർഥികൾ പരാജയപ്പെടുത്തി.

നമ്മൾ നമ്മുടെ ജോലി സത്യസന്ധവും കൃത്യവുമായി ചെയ്താൽ ദൈവത്തിന്‍റെ അനുഗ്രഹം ഒപ്പമുണ്ടാകുമെന്ന കാഴ്ചയാണ് കണ്ടത്. അഴിമതിയെ തുടച്ചുനീക്കുന്നതാണ് പ്രവർത്തനം. ടോൾഫ്രീ നമ്പർ ജനങ്ങൾക്ക് നൽകി സേവനങ്ങൾ വീട്ടുപടിക്കലേക്ക് എത്തിച്ചു. വലിയ അസുഖങ്ങൾ ബാധിച്ചവർക്കുൾപ്പെടെ എല്ലാവർക്കും ഡൽഹിയിൽ ചികിത്സ സൗജന്യമാണ്. വീടുകളിലേക്ക് ചികിത്സ സേവനങ്ങൾ എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചു. വെള്ളവും വൈദ്യുതിയുമെല്ലാം സൗജന്യമാക്കി. വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സാഹചര്യം ഡൽഹിയിൽ ഇല്ലാതായതോടെ ഇൻവെർട്ടർ കടകൾ പൂട്ടേണ്ട സ്ഥിതിയുണ്ടായി. ഇത്തരത്തിലുള്ള സൗജന്യ സേവനങ്ങൾ ലഭ്യമാക്കി അഴിമതിമുക്തമായ ഒരു ഭരണമുണ്ടാക്കാൻ കേരളത്തിലും അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിന്‍റെ പ്രവർത്തനങ്ങൾ വലിയ മതിപ്പുണ്ടാക്കുന്നതാണ്. ഒരു ബിസിനസുകാരനായ അദ്ദേഹത്തിന് പൊതുപ്രവർത്തനത്തിന് ഇറങ്ങേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ല. എന്നാൽ, പൊതുജനക്ഷേമം ലക്ഷ്യമാക്കി അദ്ദേഹം രംഗത്തിറങ്ങിയപ്പോൾ വലിയ മാറ്റങ്ങൾ സാധ്യമായെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Kejriwal announces Aam Aadmi Party-T20 alliance; The government will be formed in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.