കാസർകോട്: സുനാമി ദുരന്തസാധ്യത നേരിടാൻ തീരദേശ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുനാമി റെഡി പദ്ധതിക്ക് തുടക്കമായി. ദുരന്തങ്ങളെ നേരിടുന്നതിന് തീരദേശ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി യുനെസ്കോ വിഭാവനം ചെയ്ത പദ്ധതിയാണ് സുനാമി റെഡി. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ കണക്കിലെടുത്ത് വലിയപറമ്പ ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആറ് തീരദേശ ജില്ലകളിലെ ആറ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്. സുനാമി ദുരന്ത ലഘൂകരണ പദ്ധതികള്‍, ഭൂപടങ്ങള്‍, അവബോധന ക്ലാസുകള്‍, മോക് ഡ്രില്ലുകള്‍ തുടങ്ങി വിവിധങ്ങളായ സൂചകങ്ങള്‍ മുന്‍നിര്‍ത്തി തീരദേശ ഗ്രാമത്തിന് 'സുനാമി റെഡി' സാക്ഷ്യപത്രം നല്കുന്ന അന്താരാഷ്ട്ര പദ്ധതിയാണിത്. യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഗവ. ഓഷ്യനോഗ്രാഫിക് കമീഷനാണ് അംഗീകാരം നല്‍കുന്നത്. അടുത്തവര്‍ഷം ഡിസംബറോടെ യുനെസ്കോ സംഘം പരിശോധന നടത്തിയാണ് അന്തിമപ്രഖ്യാപനം നടത്തുക. വലിയപറമ്പ ബീച്ചില്‍ നടന്ന പരിപാടി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന് അധ്യക്ഷതവഹിച്ചു.
എ.ഡി.എം എ.കെ. രമേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ കെ. അനില്‍കുമാര്‍, ഇ.കെ. മല്ലിക, ഖാദര്‍ പാണ്ട്യാല, കെ. മനോഹരന്, സെക്രട്ടറി എം.പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രേംജി പ്രകാശ് സ്വാഗതവും എന്‍. മണിരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.