സർവത്ര നിയമലംഘനം; വാഹനവകുപ്പ് കണ്ണടക്കുന്നു

കാസർകോട്: നിരത്തുകളിൽ ജീവൻ പലത് പൊലിയുമ്പോഴും അപ്പോൾ ശ്രദ്ധിക്കുമല്ലാതെ വീണ്ടും എല്ലാം പഴയപടിയാകുന്നതാണ് കാണാൻ കഴിയുന്നത്. പലതരം നിയമലംഘനങ്ങളാണ് കാസർകോട് നഗരത്തിൽതന്നെ പതിവായി കാണാൻ കഴിയുന്നത്. എന്നാൽ, വാഹനവകുപ്പ് അധികൃതർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല എന്നാണ് ജനങ്ങളുടെ ആരോപണം. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നതും സീറ്റ് ബെൽറ്റിടാതെ കാർ ഡ്രൈവിങ്ങും മൊബൈലിൽ വിളിച്ചുള്ള ഡ്രൈവിങ്ങും എങ്ങും പതിവുകാഴ്ചയാണ്. ആരും ചോദിക്കില്ല എന്നുള്ളതുകൊണ്ടുതന്നെ ഇതെല്ലാം പതിവായി നഗരത്തിൽ സംഭവിക്കുന്നുമുണ്ട്.

കാസർകോട് നഗരത്തിൽ ഇരുചക്രവാഹനങ്ങൾ വലിയ സ്ഫോടനശബ്ദത്തോടെ അർധരാത്രിയിൽ ഓടിക്കുന്നതും സ്ഥിരംകാഴ്ചയാണെന്നും ഇത് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും നഗരത്തിൽ രാത്രി ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരും മറ്റും പറയുന്നുണ്ട്. എന്നാൽ, ഇത് മോട്ടോർ വാഹനവകുപ്പ് അധികൃതരെ അറിയിക്കാമെന്നുവെച്ചാൽ അവർ ഫോണെടുക്കാനും തയാറാകുന്നില്ല എന്നും പരാതിയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് ജോലിയെന്നുപറഞ്ഞ് തടിയൂരാനാണ് ഇപ്പോൾ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇരുചക്രവാഹനങ്ങൾ പതിവായി രാത്രിയിൽ ഉഗ്രശബ്ദത്തിൽ ഓടിച്ചുപോകുന്നുണ്ട്. ഇത്രയും ദിവസങ്ങളായിട്ടും ഇത് കണ്ടെത്താനോ നടപടി സ്വീകരിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപമുണ്ട്.

ഹൈകോടതി ഉത്തരവുപ്രകാരം വലിയ ശബ്ദത്തോടെയുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. ബുള്ളറ്റിന്റെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ അനധികൃത നിർമാണപ്പണി ചെയ്യുന്നവർക്കെതിരെ മുമ്പ് മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കിയിരുന്നു. ഇങ്ങനെയുള്ള വാഹനങ്ങളുടെ സൈലൻസറുകൾ മാറ്റുന്നതടക്കമുള്ള നടപടിയും മറ്റ് പിഴയടക്കമുള്ള ശിക്ഷാനടപടികൾക്കും ആർ.ടി ഓഫിസിൽ വാഹനം ഹാജരാക്കാനും അധികൃതർ നിർദേശം നൽകാറുണ്ട്. മോട്ടോർവാഹന നിയമത്തിന്റെയും ഹൈകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്‌റ്റേജ്-നാല് ചട്ടങ്ങളുടെ ലംഘനമാണിത്. ശബ്ദം കൂട്ടാനായി കാറ്റലിറ്റിക് കൺവേർട്ടർ അഴിച്ചുമാറ്റുന്നത് ശബ്ദമലിനീകരണമടക്കം വലിയ മലിനീകരണമാണ് ചുറ്റുപാടുമുണ്ടാക്കുക. 92 ഡെസിബൽവരെ ശബ്ദമേ ഇരുചക്രവാഹനങ്ങൾക്ക് പാടുള്ളൂ എന്ന് നിഷ്‍കർഷയുണ്ട്. എന്നാൽ, അതിന്റെ പത്തിരട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടാണ് കാസർകോട് നഗരത്തിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നത്. ഇങ്ങനെയുള്ള ഇരുചക്രവാഹനങ്ങളിൽ ചിലത് നമ്പർ പ്ലേറ്റ് പതിപ്പിക്കാതെയും ഓടുന്നുണ്ട് എന്നതാണ് വലിയ ആശ്ചര്യം.

ഇതെല്ലാം പരിശോധിക്കുന്നതും മറ്റും മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ്. എന്നാൽ, കാസർകോട് എൻഫോഴ്സ്മെന്റ് വാഹനം പകൽസമയങ്ങളിൽ നഗരത്തിലൂടെ പോകുന്നത് കാണുന്നതല്ലാതെ നിയലംഘനങ്ങൾ ഇവരുടെ ശ്രദ്ധയിൽപെടുന്നില്ല എന്നാണ് ജനങ്ങളുടെ ആരോപണം. പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനവും അപകടകരമായ വേഗത്തിലാണ് എന്നും പലപ്പോഴും കാൽനടക്കാർ തലനാരിഴക്കാണ് രക്ഷപ്പെടുന്നതെന്നും വ്യാപാരികൾ പറയുന്നുണ്ട്. പലപ്പോഴും സീബ്രലൈനിൽ കൂടി ജനങ്ങൾക്ക് കടക്കാൻപോലും പറ്റാത്തവിധത്തിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുന്നതും കാണാം. നഗരത്തിലെ വാഹന പാർക്കിങ്ങും തോന്നിയപോലെയാണെന്നും വ്യാപാരികളടക്കം പറയുന്നുണ്ട്. പലപ്പോഴും ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കുന്നത് കാൽനടക്കാരുമാണ് എന്നതാണ് വസ്തുത.

Tags:    
News Summary - The vehicle department turns a blind eye on traffic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.