കാസർകോട്: ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ കേസുള്ള സ്ഥാനാർഥികളുടെ എണ്ണം പുറത്തുവന്നു. മുന്നണി സ്ഥാനാർഥികളിൽ 15ൽ ഒമ്പതു സ്ഥാനാർഥികൾക്കും കേസുണ്ട് എന്നാണ് വരണാധികാരികൾക്ക് മുന്നിൽ സമർപ്പിച്ച നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, കേസുകളുടെ എണ്ണത്തിൽ മഞ്ചേശ്വരം എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ 242 കേസുമായി മുന്നിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായാണ് സുരേന്ദ്രന് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പലതും രാഷ്ട്രീയപരമായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊതുമുതൽ നശിപ്പിക്കലുമായി ബന്ധപ്പെട്ടും മറ്റുമാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ആർ. ജയാനന്ദക്ക് നിലവിൽ കേസുകളൊന്നുമില്ല. യു.ഡി.എഫ് സ്ഥാനാർഥിയും കഴിഞ്ഞതവണത്തെ എം.എൽ.എയുമായ എ.കെ.എം. അഷ്റഫിന് ഏഴു കേസുകളാണുള്ളത്.
കാസർകോട് നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിനും എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനിക്കും കേസില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിക്ക് കർണാടക സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകളുണ്ട് എന്നാണ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഉദുമയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവിന് അഞ്ചു കേസും യു.ഡി.എഫ് സ്ഥാനാർഥി കെ. നീലകണ്ഠന് നാലു കേസുമുണ്ട്. അതേസമയം, മനുലാൽ മേലത്തിന് ഒരു കേസുമില്ല. കാഞ്ഞങ്ങാട് എൻ.ഡി.എ സ്ഥാനാർഥി എം. ബലരാജിന് രണ്ടു കേസുകളാണുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന് രണ്ടു കേസുമുണ്ട്. അതേസമയം, യു.ഡി.എഫ് സ്ഥാനാർഥി ഷൈജി കോട്ടപ്പള്ളിക്ക് കേസുകളൊന്നുമില്ല.
ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ പക്കലും ബാങ്കിലുമായി ഉള്ളത് 65,000 രൂപയാണ്. പങ്കാളിയുടെ പേരിൽ സ്ഥിരനിക്ഷേപം 15 ലക്ഷം രൂപയും. ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മഹീന്ദ്ര ഥാർ ഉൾപ്പെടെ മൂന്നു വാഹനങ്ങളാണ് സ്വന്തമായുള്ളത്. 8.11 ലക്ഷം രൂപയാണ് ലോൺ ബാധ്യത. തച്ചനാട്ടുകര വില്ലേജിലെ മൂന്നേക്കർ ഭൂമിക്ക് 4.95 കോടിയുടെ മൂല്യമുണ്ട്. സന്ദീപ് വാര്യർക്ക് ആകെ 33.38 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 30 ലക്ഷം മൂല്യമുള്ള സ്വർണം ഉൾപ്പെടെ ഭാര്യയുടെ പേരിലുള്ളത് 1.09 കോടി രൂപ.
എൽ.ഡി.എഫ് സ്ഥാനാർഥി വി.പി.പി. മുസ്തഫക്ക് വിവിധ ബാങ്കുകളിലായി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. 2.9 ലക്ഷം രൂപക്ക് ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. വടക്കേ തൃക്കരിപ്പൂർ വില്ലേജിൽ മുസ്തഫക്ക് 12 സെന്റ് പുരയിടമുണ്ട്. വീടിന് 55 ലക്ഷം വിപണിമൂല്യമുണ്ട്. ആറുലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടെ മുസ്തഫക്കും ഭാര്യക്കുമായി 23 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. നിയമ ബിരുദധാരിയായ മുസ്തഫ മലയാള സാഹിത്യത്തിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി രവി കുളങ്ങരയുടെ കൈവശം 20,000 രൂപയുണ്ട്. രവിയുടെ പേരിൽ 3.33 കോടിയും ഭാര്യയുടെ പേരിൽ 1.21 കോടിയും ആസ്തിയുണ്ട്. ബാങ്കിൽ 17.5 ലക്ഷം, മ്യൂച്വൽ ഫണ്ട് 2.4 കോടി, സ്ഥിരനിക്ഷേപം 131 ലക്ഷം, 73 ലക്ഷം മൂല്യമുള്ള വാഹനങ്ങൾ, 93 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എന്നിങ്ങനെയാണിത്. 3.08 കോടിയാണ് കുടുംബത്തിന്റെ ബാധ്യത.
ഒമ്പതു കോടി മൂല്യമുള്ള ഭൂസ്വത്തുണ്ട്. വാണിജ്യസമുച്ചയങ്ങൾ, വീടുകൾ ഉൾപ്പെടെ മൂന്നരക്കോടിയുടെ കെട്ടിടങ്ങളുണ്ട്. ദുബൈയിലെ വാഷിങ്ടൺ അമേരിക്കൻ ഗ്ലോബൽ വാഴ്സിറ്റിയിൽനിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.