ആളൊഴിഞ്ഞ കുമ്പളയിലെ പഴയ ബസ് സ്റ്റാൻഡ്
മൊഗ്രാൽ: കുമ്പളയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിൽ ബസ് യാത്രക്കാർക്ക് ദുരിതമാകുന്നത് പരിഗണിച്ചും പരാതിയുടെ അടിസ്ഥാനത്തിലും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം നടപ്പാകാത്തതിൽ പ്രതിഷേധം കനക്കുന്നു.
പഞ്ചായത്ത് മുൻ ഭരണസമിതി ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം (23.10.25ന്) എടുത്ത തീരുമാനപ്രകാരം പേരാൽ കണ്ണൂർ, സീതാംഗോളി, പെർള, സുള്ള്യ, ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ യാത്രക്കാരുടെ സൗകര്യാർഥം കുമ്പളയിലെ പൊളിച്ചുമാറ്റിയ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ അഞ്ചു മിനിറ്റിനുള്ളിൽ നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും നടപടി സ്വീകരിക്കണമെന്ന് ബസ് ജീവനക്കാരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
നാളിതുവരെയായി ഇത് നടപ്പാക്കാത്തതിൽ നാട്ടുകാർക്കിടയിലും വ്യാപാരികൾക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ബസ് ഓണേഴ്സ് അസോസിയേഷനിലും വ്യാപാരി വ്യവസായി ഏകോപന സമിതികളിലും ഇത് നടപ്പാക്കുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇതാണ് തീരുമാനം നീളാൻ കാരണമെന്നും പറയുന്നു.
കഴിഞ്ഞദിവസം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽഖാദർ ഹാജി പഴയ ബസ് സ്റ്റാൻഡിലെത്തി ഇതുസംബന്ധിച്ച് ബസ് ഉടമകൾക്ക് കർശന നിർദേശവും നൽകിയിരുന്നു.
എന്നാൽ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം നടക്കുന്നില്ലെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റിലെ പോഷക സംഘടനയായ യൂത്ത് വിങ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളാണ് യൂത്ത് വിങ് ആലോചിക്കുന്നത്. വിഷു ആഘോഷം കഴിഞ്ഞാൽ സമരപരിപാടികളെ കുറിച്ച് യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് യൂത്ത് വിങ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.