കാഞ്ഞങ്ങാട്: കുഞ്ഞുമക്കൾ കൂട്ടത്തോടെ റെയിൽപാളം മുറിച്ചുകടക്കുമ്പോൾ ഒരു പ്രദേശം മുഴുവൻ ആധിയിലാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ആശങ്ക. കാൽനൂറ്റാണ്ടിലേറെയായി നാടാകെ നെഞ്ചിടിപ്പോടെയാണ് പാളം കടക്കുന്നത്.
കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആയിരത്തോളം വിദ്യാർഥികൾ ഇരട്ട റെയിൽപാളങ്ങളാണ് ദിവസവും മുറിച്ചുകടക്കുന്നത്. സൗത്ത് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗം 100 മീറ്റർ അകലെയാണ് റെയിൽപാളം. കല്ലൂരാവി, മുറിയനാവി, പുഞ്ചാവി, ബാവ നഗർ, ഞാണിക്കടവ് ഉൾപ്പെടെ തീരദേശങ്ങളിലെ വിദ്യാർഥികൾ സ്കൂളിലെത്തേണ്ടത് കല്ലൂരാവി കണ്ടത്തിലുള്ള പാളങ്ങൾ മുറിച്ചുകടന്നാണ്. റെയിൽപാളങ്ങൾ വൈദ്യുതീകരിച്ചതോടെ വണ്ടികളുടെ ശബ്ദം കുറവായതും അപകടസാധ്യത വർധിക്കുമെന്നും ആശങ്കപ്പെടുന്നു. രക്ഷിതാക്കളിൽ പലരും കുട്ടികളെ പതിവായി പാളം മുറിച്ചുകടത്താനെത്തും. വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകാനും ഇവർ എത്തും. രണ്ട് അധ്യാപകർ മാറിമാറി പാളത്തിൽ കാവൽനിന്ന് രാവിലെയും വൈകീട്ടും യാത്രയാക്കുന്നുണ്ട്. ഇതിനിയും എത്രകാലം തുടരണമെന്നതാണ് ചോദ്യം. മുതിർന്നവരായ നിരവധിപേർ ട്രെയിൻതട്ടി മരിച്ചിട്ടുണ്ട്. കല്ലൂരാവിയിലെ വീട്ടമ്മ ഒരുവർഷം മുമ്പാണ് മരിച്ചത്. ഫ്ലൈഓവർ ഇവിടെ സ്ഥാപിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.