തൃക്കരിപ്പൂർ ടൗണിൽ കൂലേരി ഗവ. എൽ.പി സ്കൂളിന് ഭീഷണിയായ ഉപയോഗശൂന്യമായ ജലസംഭരണി
തൃക്കരിപ്പൂർ: നിരവധിതവണ പരാതി നൽകിയിട്ടും കൂലേരി ഗവ. എൽ.പി സ്കൂളിന് ഭീഷണിയായ ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് പൊളിച്ചുനീക്കാൻ നടപടിയായില്ല. സ്കൂളിന്റെ പ്രൈമറി ക്ലാസ് മുറിക്ക് തൊട്ടുപിറകിലാണ് ടാങ്കുള്ളത്. ആറു വർഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുന്ന ടാങ്ക് കാലപ്പഴക്കംകാരണം അപകടമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ.
സ്കൂളിലെ കഞ്ഞിപ്പുരയും ശൗചാലയങ്ങളും വാട്ടർ ടാങ്കിന് സമീപംതന്നെയാണ്. ടാങ്കിന്റെ തൂണുകളിൽ ഇരുമ്പുകമ്പികൾ പകുതിയിലധികം ദ്രവിച്ചനിലയിലാണ്. സ്കൂളിനും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും ഒരുപോലെ ഭീഷണിയുയർത്തുന്ന ടാങ്ക് എത്രയുംവേഗം പൊളിച്ചുനീക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
മഴ കനത്തതോടെ ഇവരുടെ ആശങ്കയും ഇരട്ടിയായി. ടാങ്ക് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ കലക്ടർക്കും ജല അതോറിറ്റി എ.ഇക്കും പഞ്ചായത്ത് പ്രസിഡന്റിനും അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടിയായില്ല. തങ്കയത്ത് ജല അതോറിറ്റി മറ്റൊരു ടാങ്ക് നിർമിച്ചതോടെയാണ് തൃക്കരിപ്പൂർ ടൗണിൽ കൂലേരി ഗവ. എൽ.പി സ്കൂളിന് സമീപത്തുള്ള ടാങ്ക് ഉപയോഗിക്കാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.