കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രകാർ കേരള സംഘടിപ്പിച്ച ‘ഒരേ ഒരു കാനായി’ സംസ്ഥാന ചിത്രപ്രദർശനം
കാഞ്ഞങ്ങാട്: കാരിരുമ്പിന്റെ ദൃഢതയുള്ള ശിൽപങ്ങൾകൊണ്ട് കേരളീയ കലാഭൂപടത്തിൽ വേറിട്ട കലാവിരുന്നൊരുക്കിയ കാനായി കുഞ്ഞിരാമന് ചിത്രങ്ങൾ കൊണ്ട് ആദരവ് നൽകി ചിത്രകാർ കേരള. കുത്തിവരഞ്ഞും ബ്രഷ് കൊണ്ട് ചായംതേച്ചും ഓരോ കലാകാരനും കാനായിയെ വരച്ചപ്പോൾ അത് ശിൽപകലാകാരന് ലഭിക്കുന്ന വലിയ ആദരവായി മാറി.
ചിത്രകാർ കേരള സംഘടിപ്പിക്കുന്ന ‘ഒരേ ഒരു കാനായി’ എന്ന പ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒമ്പതുദിവസം നീണ്ടുനിൽക്കും. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ചിത്രകാരൻമാരുടെ വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. കേരള ലളികല അക്കാദമിയുടെ ചെയർമാനായിരിക്കുമ്പോഴാണ് കാനായി കാഞ്ഞങ്ങാട് അക്കാദമി ആർട്ട് ഗാലറി സ്ഥാപിച്ചത്. അതേ ഗാലറിയിൽ ചിത്രകാരന്മാർ ചിത്രങ്ങൾ കൊണ്ട് സ്നേഹാദരവൊരുക്കിയത് വേറിട്ട അനുഭവമായി മാറി.
ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് പ്രദർശനത്തിന്റെ കോഓഡിനേറ്റർ. അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ്, അക്കാദമി മുൻ സെക്രട്ടറിമാരായ എൻ. ബാലമുരളീകൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, മാവേലിക്കര ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ മനോജ് വൈലൂർ, കാരക്കാമണ്ഡപം വിജയകുമാർ, സുനിൽ അശോകപുരം, ശ്രീജ പള്ളം, പി.ജി. ശ്രീനിവാസൻ, കെ. ഷെരീഫ്, പ്രദീപ്കുമാർ തുടങ്ങി സംസ്ഥാനത്തെ 75 ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ചരിത്രകാരൻ ഡോ. സി. ബാലൻ, ഡോ. ഖാദർ മാങ്ങാട്, ശിൽപി ചിത്രൻ കുഞ്ഞിമംഗലം, പ്രഭാകരൻ കാഞ്ഞങ്ങാട്, അനിൽ പുളിക്കാൽ, രാജേന്ദ്രൻ പുല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.