കാസർകോട്: മണൽക്കടത്തുകാരുമായി ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് ആറു പൊലീസുകാർക്കെതിരെ നടപടി. കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയാണ് ജില്ല പൊലീസ് മേധാവി വൈ.ബി. വിജയ് ഭാരത് റെഡ്ഡി സസ്പെൻഡ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എം. അബ്ദുല്‍ സലാം, എ.കെ. വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ.എം. മനു, എം.കെ. അനൂപ്, പൊലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നിലവില്‍ കുമ്പള സ്റ്റേഷനിലുള്ള അഞ്ചുപേരെയും നേരത്തെ സ്ഥലംമാറിപ്പോയ ഒരാള്ക്കുമെതിരെയുമാണ് നടപടിയുണ്ടായിരിക്കുന്നത്.
ഒരുമാസം മുമ്പ് കുമ്പളയിലെ മൊയ്ദീൻ എന്ന ടിപ്പർ ലോറി ഡ്രൈവറെ മണൽ കടത്തുന്നതിനിടയിൽ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുമായുള്ള ബന്ധംമനസിലായത്. പൊലീസ് മണൽ വേട്ടക്കിറങ്ങുമ്പോൾ വിവരങ്ങളും വഴികളും ഉൾപ്പെടെയുള്ള വിവരങ്ങൾ മണൽ മാഫിയ സംഘങ്ങൾക്ക് വാട്സ്ആപ് വഴിയും ഫോൺ കാൾ വഴിയും കൈമാറുന്നുവെന്നതാണ് കണ്ടെത്തിയത്.
ഇത് തെളിവുകൾ സഹിതം കുമ്പള എസ്.ഐ ശ്രീജേഷ് കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന് റിപ്പോർട്ട് നൽകി. ഡിവൈ.എസ്.പിയുടെ പ്രാഥമിക അന്വേഷണത്തിനുശേഷം റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ആറുപേരെ സസ്പെന്റ് ചെയ്തത്. കുമ്പള, മഞ്ചേശ്വരം മേഖലകളിൽ മണൽ കടത്ത് കുപ്രസിദ്ധമാണ്. ഇതിന്റെ പേരിൽ മാഫിയകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും വെടിവെപ്പുംവരെ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ മണൽമാഫിയ ബന്ധമില്ലാതെ ക്രമസമാധാനം പറ്റില്ലെന്ന സ്ഥിതിയായിരുന്നു. പൊലീസിൽതന്നെ ഒരുവിഭാഗം ഓരോ മാഫിയയുടെ കൂടെനിന്ന് പ്രവർത്തിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണശേഷം മറ്റുനടപടികളും ഉണ്ടാകും.
മണൽമാഫിയ: നടപടി ശക്തമാക്കി പൊലീസ്
കാസർകോട്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘത്തിനെതിരെ നടപടി ശക്തമാക്കി ജില്ല പൊലീസ്. പൊലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കാസർകോട് ഡിവൈ.എസ്.പി വി.വി. മനോജിന്റെ നേതൃത്വത്തിൽ കാസർകോട്, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിവരുന്ന പരിശോധനയിൽ കടവുകളിനിന്ന് മണൽ നിറച്ചുവെച്ച ചാക്കുകളും തോണിയുമുൾപ്പെടെ പിടികൂടി.പരിശോധനയിൽ ഇതുവരെ 3000ലധികം മണൽചാക്കുകളും പത്തിലധികം തോണിയും പിടികൂടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ജില്ലയിൽ പരിശോധന ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.