വിധിക്കുശേഷം പ്രതി സലീമിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു
കാഞ്ഞങ്ങാട്: നാടിനെ നടുക്കിയ പടന്നക്കാട് പീഡനക്കേസിൽ പ്രതിക്കെതിരെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയത് ഏഴ് മാസത്തിനകം. ഈകേസിലെ അതിവേഗ നടപടികൾ ശ്രദ്ധേയമായി. പൊലീസും പ്രോസിക്യൂഷനും കൊണ്ടുവന്ന അറുപത് സാക്ഷികളിൽ ഒരു സാക്ഷി പോലും വിചാരണ വേളയിൽ കൂറുമാറിയില്ലെന്ന പ്രത്യേകയും കേസിനുണ്ട്. ശാസ്ത്രീയ തെളിവുകളും അനുകൂലമായി. പടന്നക്കാട്ടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീം എന്ന സൽമാന് (38) ഇതോടെ ഊരാൻ കഴിയാതെ കുരുക്ക് മുറുകി.
2024 മേയ് 15 ന് രാത്രിയാണ്സംഭവം. പെൺകുട്ടി വല്യച്ഛനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് വലിയച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് പെൺകുട്ടിയെ മുറിയിൽനിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. വാതിൽ ചാരിയിടുക മാത്രമാണുണ്ടായിരുന്നത്. വല്യച്ഛൻ പുറത്തിറങ്ങുന്നതും കാത്ത് സൽമാൻ രാത്രി വീടിനുപുറത്ത് കഴിയുകയായിരുന്നു. ഏറെ ദൂരം ചുമന്നുകൊണ്ടുപോയി വയലിൽ വെച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി ഉണർന്ന് ബഹളം വച്ചെങ്കിലും ഭീഷണിപ്പെടുത്തുകയും വായ് പൊത്തിപിടിക്കുകയും ചെയ്തു.
കൃത്യത്തിനുശേഷമാണ് കമ്മലുകൾ ഊരിയെടുത്തത്. സംഭവത്തിനുശേഷം റെയിൽവേ സ്റ്റേഷനിൽ എത്തിയ സൽമാൻ കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. സഹോദരിയുടെ സഹായത്തോടെ സ്വർണക്കമ്മലുകൾ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിറ്റു. പിന്നീട് ബംഗളൂരു വഴി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു.
ആന്ധ്രയിൽ ഹോട്ടൽ ജോലി ചെയ്യുന്നതിനിടെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന പേരാവൂർ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സാക്ഷികളെ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി വിസ്തരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം 117 രേഖകൾ അന്വേഷണ സംഘം കോടതിയിലെത്തിച്ചു. ഡി.എൻ.എ പരിശോധന റിപ്പോർട്ടടക്കം 42 ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഏറ്റവുംവേഗത്തിൽ, 39 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏഴുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.