കാസർകോട് ജി.എച്ച്.എസ്.എസിനടുത്തുള്ള അപകടഭീഷണിയിലായ കുന്ന്

സുരക്ഷയൊരുക്കണം, അമാന്തമരുത്; കുന്നിടിച്ചിൽ ഭീഷണിയിൽ കാസർകോട് ഗവ. ജി.എച്ച്.എസ്.എസ് സ്കൂൾ

കാസർകോട്: കൊല്ലം തേവലക്കര സ്കൂളി​ൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മരണവാർത്ത അറിഞ്ഞതുമുതൽ കാസർകോട് ഗവ. ജി.എച്ച്.എസ്.എസ് അധ്യാപകർ ആശങ്കയിലാണ്. ഇവിടെ പ്രശ്നം വൈദ്യുതി ലൈനല്ല. മറിച്ച്, ഒരു വലിയ കുന്നാണ്. ശക്തമായ മഴ വരുമ്പോഴേക്ക് അധ്യാപകരും വിദ്യാർഥികളും ആശങ്കയിലാണുള്ളത്. തൊട്ടടുത്തുള്ള ഹൈസ്കൂളിന്റെ സ്ഥലംതന്നെയാണ് ഇടിയുന്നത്. നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഏക ശുചിമുറി ഇപ്പോൾ കുറച്ചുഭാഗം ഇടിഞ്ഞതിനടുത്താണ് സ്ഥിതിചെയ്യുന്നത് എന്നതാണ് അപകടത്തിന് വഴിവെക്കുന്നത്.

ഇനിയും കനത്ത മഴ തുടരുകയാണെങ്കിൽ കുട്ടികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കും എന്നാണ് അധ്യാപകർ പറയുന്നത്. കുന്നിടിഞ്ഞതിനെ തുടർന്ന് സ്കൂൾ അധികാരികൾ കാസർകോട് നഗരസഭയുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിൽ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നത്. അപകടം മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് നടത്തേണ്ടത്.

അല്ലാതെ, അപകടം വന്നതിനുശേഷം പരിതപിച്ചിട്ട് എന്താണ് കാര്യമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. കുന്നിനടുത്തായി പഴ​യൊരു കെട്ടിടവും പ്രവർത്തിക്കുന്നുണ്ട്. ഈ കുന്ന് മുഴുവനായി ഇടിഞ്ഞാൽ ഹൈസ്കൂൾ കെട്ടിടംതന്നെ അപകടത്തിലാകും. അതും ഹയർ സെക്കൻഡറി കെട്ടിടത്തിനും ഹൈസ്കൂൾ വിദ്യാർഥികൾക്കും വലിയ ഭീഷണിയാണ്. ഹൈസ്കൂൾ കെട്ടിടത്തിന്റെ അടിത്തറക്കരികിൽനിന്നാണ് ഇപ്പോൾ താഴേക്ക് കുന്നിടിയുന്നത്. ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാൻതന്നെ ഭയമാണെന്നാണ് അധ്യാപകരും വിദ്യാർഥികളുമടക്കം പറയുന്നത്.

നഗരസഭ ഇടപെടുമെന്ന് ചെയർമാൻ

‘കാസർകോട് ജി.എച്ച്.എസ്.എസിൽനിന്ന് പരാതി ലഭിച്ചയുടൻ അവിടം സന്ദർശിച്ചിരുന്നതായി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം മാധ്യമത്തോട് പറഞ്ഞു. അവിടെ വലിയ അപകടത്തിന് വഴിയൊരുക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ അവിടത്തെ പഴയകെട്ടിടം പൊളിക്കാനും ആ കുന്നിന് സംരക്ഷണഭിത്തി നിർമിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. എത്രയുംപെട്ടെന്ന് അതിനുവേണ്ട എസ്റ്റിമേറ്റ് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട കാര്യമില്ല. എത്രയും പെട്ടെന്ന് നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകും’.

ജൂലൈ ഏഴിന് പരാതി നഗരസഭക്ക് നൽകിയെന്ന്

‘കുന്നിടിഞ്ഞ ഘട്ടത്തിൽതന്നെ ജൂലൈ ഏഴിന് ഇതുസംബന്ധിച്ച് പരാതി കാസർകോട് നഗരസഭക്ക് നൽകിയതായി കാസർകോട് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുനിൽ പറഞ്ഞു. എത്രയുംവേഗം നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്’.

Tags:    
News Summary - Security should be provided, not silence; Kasaragod Govt. GHSS School under threat due to landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.