45 കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ്; മന്ത്രിയുടെ വാദം പൊളിയുന്നു

കാഞ്ഞങ്ങാട്: 45 വയസ്സ് കഴിഞ്ഞവർക്ക് പൂർണമായും രണ്ടാം ഡോസ് വാക്സിൻ നൽകിയെന്ന ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. ജില്ലയിലെ തിരഞ്ഞെടുത്ത 3,50,648 പേർക്ക് വാക്സിൻ നൽകിയെന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജി​െൻറ വാദം. കാഞ്ഞങ്ങാട് നഗരസഭയുടെ കോവിഡ് വാർഡ്തല ക്ലസ്​റ്റർമാരുടെ യോഗത്തിലാണ് വാർഡ് കൗൺസിലർമാരും കോഒാഡിനേറ്റർമാരും മന്ത്രിയുടെ വാദത്തെ ശക്തമായി എതിർത്തത്.

ചില വാർഡുകളിൽ 20 ശതമാനം മാത്രമേ രണ്ടാമത് ഡോസ് വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളൂവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത മാത്രമാണ് മന്ത്രിയുടെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇടതു കൗൺസിലർമാരും മന്ത്രിയുടെ വാദത്തെ എതിർത്തു. കോവാക്സിൻ എടുത്തവർക്ക് നൂറ് ദിവസം കഴിഞ്ഞിട്ടും രണ്ടാം വാക്സിൻ എടുക്കാൻ കഴിഞ്ഞില്ലെന്ന് യോഗത്തിൽ കോഒാഡിനേറ്റർമാർ ചൂണ്ടിക്കാട്ടി. തീരദേശ മേഖലകളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തണം.

വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ക്യാമ്പ് നടത്തണമെന്നും അഞ്ചിൽ കൂടുതൽ വാർഡുകൾ ഒരുമിച്ച് ക്യാമ്പ് നടത്തരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേ സമയം, വിസയുടെ കാലാവധിയുടെ കാരണം പറഞ്ഞ് പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ നിഷേധിക്കുന്നതായി പരാതികൾ ഉയർന്നു. പ്രവാസികൾക്ക് പ്രത്യേകം നൽകുന്ന രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിനാണ് ഇപ്രകാരം അജാനൂർ സി.എച്ച്.സി പരിധിയിൽ നിഷേധിച്ചിരിക്കുന്നതായി പരാതികൾ ഉയർന്നത്. യു.എ.ഇയിലേക്ക് നിലവിൽ വിമാന സർവിസില്ല. അതുകൊണ്ടുതന്നെ വിസയുടെ കാലാവധി കഴിഞ്ഞവർ കൂടുതലുണ്ട്.

എന്നാൽ, വിമാന സർവിസ് ഇല്ലാത്തതിനാൽ സെപ്റ്റംബർ വരെ പലർക്കും വിസ നീട്ടിക്കിട്ടിയിട്ടുണ്ട്. അത് വെബ്​സൈറ്റിൽ പോയാൽ മനസ്സിലാകുന്നതാണ്. ഇത് ഉദ്യോഗസ്ഥർ വക വെക്കാതെയാണ് പലർക്കും വാക്സിൻ അധികൃതർ നിഷേധിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഇരുപത്തിയെട്ട് ദിവസത്തിനുള്ളിൽ രണ്ട് ഡോസ് വാക്സിൻ എന്ന പ്രവാസികൾക്കുള്ള സർക്കാർ നയമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. നിലവിൽ വിസയുള്ളവർക്കോ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ് എന്നിവ സൈറ്റിൽ ഉൾപ്പെടുത്തിയവർക്കോ ആണ് പരിഗണനയെന്നാണ് ആരോഗ്യ വൃത്തങ്ങൾ പറയുന്നത്. പ്രവാസികൾക്ക്​ രണ്ടാം ഡോസ്​ വാക്സിൻ നിഷേധിച്ചെന്ന് പറയുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു.


പ്രതിരോധ കുത്തിവെപ്പിന്​ കോവിഡ് പരിശോധന വേണ്ടെന്ന്​

കാസർകോട്​: കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ കോവിഡ് പരിശോധന ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. സർക്കാർ ജീവനക്കാർ, കച്ചവടക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ടു മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം. എന്നാൽ, വാക്സിൻ സ്വീകരിച്ചവർ പരിശോധന നടത്തേണ്ടതില്ലെന്ന് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.

813 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 813 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 724 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 6493 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയര്‍ന്നു. രോഗസ്​ഥിരീകരണ നിരക്ക്​ 12.7.വീടുകളില്‍ 26961 പേരും സ്ഥാപനങ്ങളില്‍ 1190 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28151 പേരാണ്. പുതിയതായി 1864 പേരെ കൂടി നിരീക്ഷണത്തിലാക്കി. 104134 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 96800 പേര്‍ക്ക് കോവിഡ് നെഗറ്റിവായി.

പൊലീസുകാർക്ക് കോവിഡ്

നീലേശ്വരം: ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ചിറ്റാരിക്കാൽ സ്​റ്റേഷനിലെ 14 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർ അവധിയിൽ പ്രവേശിച്ചു. പെരിങ്ങോം അഗ്നിരക്ഷസേന വിഭാഗം പൊലീസ് സ്​റ്റേഷൻ അണുവിമുക്തമാക്കി.

Tags:    
News Summary - Second dose for all; The minister's argument fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.