ആരിക്കാടി ടോൾഗേറ്റിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ എ.കെ.എം. അഷ്റഫ് എം.എൽ.എ
കുമ്പള: ടോൾ സംബന്ധിച്ച കേസുകൾ ഹൈകോടതിയിൽ നിലവിലിരിക്കെ കുമ്പള ആരിക്കാടി ദേശീയപാതയില്‍ കനത്ത പൊലീസ് കാവലിൽ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ടോൾപിരിവ് ആരംഭിച്ചത്. തിങ്കളാഴ്ച മുതൽ ടോൾപിരിവ് ആരംഭിക്കുമെന്ന മുൻകൂട്ടിയുള്ള വിവരത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ടോൾപിരിവ് തടയാൻ നേരത്തെതന്നെ എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 7.30ഓടെ നിരവധി നാട്ടുകാർ ടോൾപിരിവ് തടയാൻ സ്ഥലത്തെത്തിയിരുന്നു. എട്ടോടെ ടോൾപിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധമാരംഭിച്ചു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് സ്ഥലത്ത് നൂറുകണക്കിന് പൊലീസുകാർ നേരത്തെതന്നെ സജ്ജമായിരുന്നു. പ്രതിഷേധം ശക്തമായതോടെ എം.എൽ.എ അടക്കമുള്ള നിരവധി ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അറുപതോളം ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോഡിൽ കിടന്ന് പ്രതിഷേധിച്ച എ.കെ.എം. അഷ്റഫ് എം.എൽ.എയെ പൊലീസ് ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് നൂറുകണക്കിന് പൊലീസുകാരുടെ സുരക്ഷവലയത്തിൽ ടോൾപിരിവ് തുടർന്നു. അതിനിടെ കുമ്പള-തലപ്പാടി, കളത്തൂർ, കുമ്പള-ബന്തിയോട്, ധർമത്തടുക്ക തുടങ്ങിയ റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകൾ സർവിസുകൾ വെട്ടിച്ചുരുക്കി. ഇത് വിദ്യാർഥികളെയും ഉദ്യോഗസ്ഥരുൾപ്പെടെയുള്ള മറ്റു യാത്രക്കാരെയും സാരമായി ബാധിച്ചു. ദിവസം 700ലധികം രൂപ ടോൾ നൽകി സർവിസ് നടത്തുന്നത് വലിയ നഷ്ടമാണെന്നാണ് ബസുടമകൾ പറയുന്നത്. വരുംദിവസങ്ങളിലും ഇത് ആവർത്തിക്കുമെന്നാണ് അറിയുന്നത്.
ദേശീയപാത അതോറിറ്റിയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പുതിയ ടോള്‍ പ്ലാസ പ്രവർത്തനമാരംഭിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു. രണ്ടു ടോള്‍ പ്ലാസകള്‍ തമ്മില്‍ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണമെന്നാണ് ചട്ടം. എന്നാല്‍, നിലവിലുള്ള തലപ്പാടി ടോള്‍ പ്ലാസയില്‍നിന്ന് വെറും 22 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ആരിക്കാടിയില്‍ പുതിയ ടോള്‍ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ടോള്‍പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി നല്കിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് അധികൃതരുടെ ധിറുതിപിടിച്ചുള്ള ടോൾപിരിവ്.
അനിശ്ചിതകാല സമരവുമായി കർമസമിതി
കാസര്‍കോട്: കുമ്പള ആരിക്കാടി ടോള്‍ ബൂത്തിനെതിരെ എ.കെ.എം. അഷ്റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർമസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുഴുവൻ സമയവും താന്‍ സമരത്തില്‍ പങ്കെടുക്കുമെന്നും സമരസമിതി പ്രവര്‍ത്തകർ റിലേയായി സമരത്തില്‍ സംബന്ധിക്കുമെന്നും എ.കെ.എം. അഷ്റഫ് എം.എല്‍.എ പറഞ്ഞു.
ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നിലവിലുള്ള സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ടോള്‍ പിരിവ് നിര്ത്തിവെക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. കുമ്പളയിലേത് അശാസ്ത്രീയ ടോൾ പിരിവാണെന്നും ദേശീയപാത അതോറിറ്റി ധിക്കാര സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതുവരെ ഹര്‍ത്താലടക്കമുള്ള ശക്തമായ സമരപരിപാടികളുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുപോകും. വിഷയം നിയമസഭയിലും ഉന്നയിക്കും. കെ.എല്‍ 14 രജിസ്ട്രേഷന് വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കാമെന്നും ലോക്കല്‍ യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കാമെന്നും എന്‍.എച്ച് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ നിർദേശം സ്വീകാര്യമല്ലെന്നും മുഴുവന്‍ വാഹനങ്ങളെയും കോടതിവിധി വരുന്നതുവരെ ടോളില്‍നിന്ന് ഒഴിവാക്കണമെന്നാണ് കർമസമിതി ആവശ്യമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.