പൂടംകല്ല് താലൂക്കാശുപത്രിയിൽ ചികിത്സ നിഷേധിച്ചു; പ്രതിഷേധവുമായി ജനം

കാഞ്ഞങ്ങാട്: രോഗികളെ വലച്ച് പൂടംകല്ല് താലൂക്കാശുപത്രിയിൽ വീണ്ടും രാത്രികാല ചികിത്സാനിഷേധം. നൂറുകണക്കിന് രോഗികളുടെ ആശ്രയമായ സർക്കാർ ആശുപത്രിയിലെ രാത്രികാല ചികിത്സാനിഷേധത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. മാസങ്ങൾക്കുമുമ്പും സമാനരീതിയിൽ രാത്രികാല ചികിത്സാനിഷേധമുണ്ടായിരുന്നു.

ശക്തമായ പ്രതിഷേധത്തിനും സമരത്തിനും ശേഷമായിരുന്നു രാത്രിചികിത്സ പുനഃസ്ഥാപിച്ചത്. ഇപ്പോൾ വെള്ളരിക്കുണ്ട് താലൂക്കാശുപത്രിയായ പൂടംകല്ലിൽ രാത്രികാല ഡോക്ടർമാരുടെ സേവനം നിർത്തിയിട്ട് രണ്ടാഴ്ചയോളമായി. പകർച്ചപ്പനിയും ഭക്ഷ്യവിഷബാധയും പടർന്നുപിടിക്കുകയും പാമ്പുഭീഷണി ഉയരുന്ന മലയോരമേഖലയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറും നൽകിവന്ന സേവനം നിർത്തിയതോടെ ചികിത്സകിട്ടാതെ പെരുവഴിയിലായിരിക്കുകയാണ് രോഗികൾ.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താലൂക്കാശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർ സേവനം നൽകുന്നതിനിടയിലാണ് ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞ് ഈമാസം 16ന് രാത്രി എട്ടിനു ശേഷമുള്ള ചികിത്സ നിർത്തിവെച്ചത്. ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ ഡി.എം.ഒയെ ഉൾപ്പെടെ കണ്ട് ഡോക്ടർമാരുടെ സേവനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തിയ അടിസ്ഥാനത്തിൽ മൂന്നുദിവസത്തിനകം ഡോക്ടർമാരെ നിയമിക്കുമെന്ന് ഡി.എം.ഒ ഉറപ്പുനൽകിയെങ്കിലും രണ്ടാഴ്ച ആയിട്ടും ഡോക്ടർമാർ ചാർജെടുത്തില്ല. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം നൽകുന്ന താലൂക്കാശുപത്രിയിൽ നിത്യവും നൂറുകണക്കിന് രോഗികളാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചികിത്സക്കെത്തുന്നത്.

രാത്രികാലങ്ങളിൽ ഗുരുതരാവസ്ഥയിൽ ചികിത്സക്കെത്തുന്ന രോഗികൾ ഡോക്ടർമാർ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണുള്ളത്. പാവപ്പെട്ട രോഗികളുൾപ്പെടെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പനത്തടി, കള്ളാർ, കോടോം ബേളൂർ, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കുറ്റിക്കോൽ, ബേഡകം, മടിക്കൈ, പുല്ലൂർ പെരിയ പഞ്ചായത്തിലെ ജനങ്ങൾ ഈ ആശുപത്രിയെയാണ് അധികമായി ആശ്രയിക്കുന്നത്.

വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരും അടിയന്തര ചികിത്സക്കായി ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്. ഡോക്ടർമാരുടെ സേവനം നിർത്തിവെച്ചശേഷം നിരവധി വാഹനാപകടങ്ങൾ മലയോരത്തുണ്ടായെങ്കിലും പലരും ചികിത്സ കിട്ടാതെ തിരിച്ചുപോകേണ്ടി വന്നു. കഴിഞ്ഞദിവസം മലയോരത്ത് ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. രാത്രിചികിത്സ നിഷേധം ഗുരുതര പ്രതിസന്ധി ഉണ്ടാക്കിയപ്പോഴും ബ്ലോക്ക് പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കുട്ടികളെയും മുതിർന്നവരെയും പാതിരാത്രിയിൽ കാഞ്ഞങ്ങാട്ടെത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്.

'അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണം'

കാഞ്ഞങ്ങാട്: പൂടംകല്ല് താലൂക്കാശുപത്രിയിൽ അടിയന്തരമായി രാത്രികാല ഡോക്ടർമാരെ നിയമിക്കണമെന്ന് സി.പി.എം പനത്തടി ഏരിയ സെക്രട്ടറി പി.ജി. മോഹനൻ ആവശ്യപ്പെട്ടു. മലയോരമേഖല എന്നനിലയിൽ നിരവധി രോഗികളാണ് ചികിത്സതേടി ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. രാത്രികാല ഡോക്ടർമാരുടെ സേവനം നിർത്തിയതോടെ രോഗികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന വിഭാഗമുൾപ്പെടെയുള്ള ആളുകളാണ് ഈ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്.

രാത്രികാലസേവനം നിർത്തിയിട്ട് ഒന്നര ആഴ്ച പിന്നിട്ടു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് രാത്രികാലസേവനം ആരംഭിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Tags:    
News Summary - People protest after being denied treatment at Poodamkallu Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.