മംഗളൂരു/ കാസർകോട്: കർണാടകയിൽ ഡി.കെ. ശിവകുമാർ സർക്കാർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിൽ (കെ.എസ്.ആർ.ടി.സി) വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കു കൂടി ഇതിന്റെ പ്രയോജനം ലഭ്യമാക്കാൻ സർക്കാർ നിർദേശം ലഭിച്ചതായി സൂചന. സംസ്ഥാന റോഡ് ഗതാഗത കോർപറേഷനാണ് ഈ വിവരമറിയിച്ചിട്ടുള്ളത്.
പാസ് മുഖേനയായിരിക്കും സൗജന്യയാത്ര അനുവദിക്കുക. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഫോം മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ കർണാടക കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിച്ച് പാസ് കരസ്ഥമാക്കണം.
കാസർകോട്ടുനിന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായി ജില്ലയിൽനിന്ന് 500 ലേറെ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവർ ഭൂരിഭാഗവും നേരത്തേ ട്രെയിൻ സർവിസിനെയാണ് ആശ്രയിച്ചിരുന്നത്. കെ.എസ്.ആർ.ടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഇനി വിദ്യാർഥികൾക്ക് കർണാടക കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയും.
നേരത്തേ ഈ ആവശ്യം കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രി യു.ടി. ഖാദർ മുഖാന്തരം മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സൗജന്യ യാത്ര അനുവദിക്കാനുള്ള കർണാടക കോൺഗ്രസ് സർക്കാർ തീരുമാനത്തെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി സ്വാഗതംചെയ്തു. കേരളത്തിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് കേരള കെ.എസ്.ആർ.ടി.സിയിലും സൗജന്യ യാത്ര അനുവദിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എം.പി, എം.എൽ.എ മുഖാന്തരം നിവേദനം നൽകുമെന്നും രവി പൂജാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.