കാസർകോട്: കെ.എസ്.ആർ.ടി.സി ബസിനെ പ്രതീക്ഷിച്ച് ടൗണിൽ എത്താനാവില്ലെന്ന് യാത്രക്കാർ. സന്ധ്യയടുത്താൽ ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് ഭാഗത്തേക്കും ചെർക്കള ദേശീയപാത വഴി കണ്ണൂരിലേക്കും ബസുകൾ ഇല്ലാത്തതാണ് കാരണം. ആറുമണികഴിഞ്ഞാൽ ബസുകൾ കുറയും. എട്ടുമണിക്കുള്ള അവസാന കെ.എസ്.ആർ.ടി.സി വന്നെങ്കിലായി. രാത്രി പത്തുമണിക്കാണ് കോഴിക്കോട് ഭാഗത്തേക്ക് ഒരെണ്ണമുള്ളത്. അതും ചിലപ്പോൾ തഥൈവ. മംഗളുരുവിൽ നിന്ന് വരുന്നവർക്കാണ് ഏറെ പ്രയാസം. കാസർകോട് ടൗണിലെത്തിയാൽ തുടർയാത്രക്ക് ബസില്ല. ട്രെയിനാണെങ്കിൽ വൈകീട്ട് ഏഴു കഴിഞ്ഞാൽ പിന്നെ 12 മണി കഴിയണം അടുത്തത് വരാൻ.
ബസ് സർവിസ് പ്രതീക്ഷിച്ച് വിവിധ ആവശ്യങ്ങൾക്ക് ടൗണിലേക്കുവരാൻ കഴിയില്ല. ചെർക്കള ദേശീയപാത, ചന്ദ്രഗിരി റൂട്ടുകളിൽ രാത്രി 10 വരെയെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തണമെന്ന് യാത്രക്കാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവി കൊള്ളുന്നില്ലെന്നാണ് പരാതി.
വിഷയത്തിൽ ജനപ്രതിനിധികളും വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്. കഴിഞ്ഞദിവസം മംഗളൂരുവിൽനിന്ന് കെ.എസ്.ആർ.ടി.സിക്കുള്ള ഡീസൽ വിതരണം മുടങ്ങിയത് മൂലം പ്രസ്തുത റൂട്ടുകളിൽ സർവിസ് മുടങ്ങി. ‘പാങ്ങുള്ള ബസാർ ചേലുള്ള ബസാർ’ എന്ന പേരിൽ നഗരസഭ നടപ്പാക്കുന്ന പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ നഗരത്തിൽ രാത്രി 10 വരെ കടകൾ തുറന്നു പ്രവർത്തിക്കാനും ബസുകൾ സർവിസ് നടത്താനും തയാറാകണം. മുമ്പ് നഗരസഭയും ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
പദ്ധതി പ്രകാരമാണ് ടൗണിനെ നഗരസഭ പ്രകാശപൂരിതമാക്കിയത്. പക്ഷേ ഇത് കാണാനുള്ള ഭാഗ്യം ജനങ്ങൾക്കുണ്ടായില്ല. കാരണം രാത്രി എട്ടുമണിയാകുമ്പോൾ തന്നെ കടകൾ പൂട്ടി പോകുന്നു. ജില്ലയിലെ രാത്രികാല യാത്രാ ദുരിതം സംബന്ധിച്ച് നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ചിരുന്നു. താലൂക്ക് വികസന സമിതി അംഗങ്ങൾ പല യോഗങ്ങളിലുമായി ഈ ആവശ്യം ഉന്നയിച്ചെങ്കിലും ചെവി കൊള്ളാൻ ട്രാൻസ്പോർട്ട് വകുപ്പ് അധികൃതർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.