കന്നുകാലികളെ ദേശീയപാത കടത്താൻ പാടുപെടുന്ന
ക്ഷീരകർഷകൻ
മൊഗ്രാൽ: അന്നദാനക്കാരായ കർഷകരും ക്ഷീരകർഷകരുമേറെയുള്ള മൊഗ്രാൽ കെ.കെ പുറം പ്രദേശത്തുകാർ ഇന്ന് ഏറെ ആശങ്കയിലാണ്. ദേശീയപാത നിർമാണം പുരോഗമിക്കവേ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് റോഡ് മുറിച്ചുകടന്നുവരാൻ എങ്ങനെ കഴിയുമെന്നതാണ് ആശങ്കക്ക് കാരണം.
അതുപോലെതന്നെ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ മാർക്കറ്റുകളിലെത്തിക്കാനും ഇനി ഏറെ പ്രയാസപ്പെടേണ്ടിവരുമെന്ന് കർഷകരും പറയുന്നു. ഇതിന് പരിഹാരമായില്ലെങ്കിൽ തൊഴിൽതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കർഷകരും ക്ഷീരകർഷകരും പറയുന്നത്. ഈ വിഷയം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ കണ്ട് നിവേദനം നൽകിയിരിക്കുകയാണിപ്പോൾ. മൊഗ്രാൽ ലീഗ് ഓഫിസിന് സമീപം ഉയരം കൂട്ടിയാണ് ദേശീയപാത നിർമിക്കുന്നത്.
ഈഭാഗത്ത് നിർമാണം ഇതുവരെ ആരംഭിച്ചിട്ടുമില്ല. ദേശീയപാതയിൽനിന്ന് കെ.കെ പുറത്തേക്കുള്ള റോഡിന് കുറുകെ ‘കാറ്റൽ റോഡ്’ സംവിധാനം ഉണ്ടാക്കിയാൽ കർഷകരുടെയും ക്ഷീരകർഷകരുടെയും ആശങ്കക്ക് പരിഹാരമാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾതന്നെ ക്ഷീരകർഷകർ കന്നുകാലികളെ ദേശീയപാതയിൽനിന്ന് റോഡ് മുറിച്ചുകടത്താൻ ഏറെ പ്രയാസപ്പെടുന്നുമുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി റിയാസ് മൊഗ്രാൽ, ടി.കെ. ജാഫർ, അഷ്റഫ് എന്നിവർ ചേർന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം. അഷ്റഫ് എം.എൽ.എ, യു.എൽ.സി.സി കുമ്പള ഏരിയ മാനേജർ എന്നിവർക്ക് നിവേദനം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.