മഞ്ചേശ്വരത്തിന്റെ സമഗ്ര വികസന ജനകീയ യജ്ഞം മഞ്ചേശ്വരം ഇനീഷ്യേറ്റിവ് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) മുന്‍ കേന്ദ്രമന്ത്രി എം. വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേശ്വരം ജനകീയ വികസന പദ്ധതി 'മൈല്‍സി'ന് തുടക്കം

കാസർകോട്: വികസന പദ്ധതികള്‍ വിജയത്തിലെത്തണമെങ്കില്‍ പൊതുജനങ്ങളുടെ പങ്കാളിത്തമുറപ്പാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. എം. വീരപ്പ മൊയ്‍ലി. മഞ്ചേശ്വരം മൊര്‍ത്തണ എ.എച്ച് പാലസില്‍ മഞ്ചേശ്വരം ഇനീഷ്യേറ്റിവ് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി നടത്തുന്ന ഏതു പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തി ലക്ഷ്യമിട്ടായിരിക്കണം.

ഗ്രാമസഭകളാണ് ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സഭ. എല്ലാ ഗ്രാമസഭകളിലും ആ നാടിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടണം. അവിടെ ചര്‍ച്ച ചെയ്താല്‍ മാത്രമേ അടിത്തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനും വികസന സാധ്യതകളെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തണം.

ഒരു നാടിന് വികസനവും ഉയര്‍ച്ചയും ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ സ്‌നേഹവും സൗഹാര്‍ദവുമുള്ളവരാകണം. അത് വികസനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും സഹായിക്കും. മഞ്ചേശ്വരം സൗഹൃദാന്തരീക്ഷമുള്ള ഒരു പ്രദേശമാണ്. വ്യത്യസ്തമായ സംസ്‌കാരത്തിന്റെയും ഭാഷയുടെയും സംഗമഭൂമിയാണ്. എല്ലാ ഭാഷകളും സംസ്‌കാരങ്ങളുമായി പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുന്ന വലിയ സമൂഹമാണ് മഞ്ചേശ്വരത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ മുഖ്യാതിഥിയായി. ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമീഷണര്‍ രമിത് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.

എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീന ടീച്ചര്‍, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ്, താഹിറ യൂസഫ്, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലേവിനോ മൊന്താരോ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആല്‍വ, പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് യൂസഫ് ഹേറൂര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗോള്‍ഡന്‍ റഹ്‌മാന്‍, ജമീല സിദ്ദീഖ്, കമലാക്ഷി, നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

'മൈല്‍സ്' ജനങ്ങളില്‍ അവബോധമുണ്ടാക്കും-എം.എല്‍.എ

കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനായാണ് മൈല്‍സ് പദ്ധതി നടത്തുന്നതെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ പറഞ്ഞു. വികസന സാധ്യതകളും പിന്നാക്കാവസ്ഥയും സംബന്ധിച്ച് ഒരു വര്‍ഷക്കാലം കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്.

പൊതുജനങ്ങള്‍ക്ക് അറിയാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും വിലയിരുത്താനും അവസരമാക്കുന്ന തരത്തിലാണ് ജനകീയ വികസന പരിപാടി നടക്കുക. ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് അംഗങ്ങൾ ഉള്‍പ്പെടെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഭാഗമാകും.

'എന്റെ സ്‌കൂളിലേക്ക്' എന്ന പേരില്‍ മണ്ഡലത്തിലെ 26 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പരിപാടി ആരംഭിക്കും. തുടര്‍ന്ന് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി 'എന്റെ ആശുപത്രിയിലേക്ക്' എന്ന പേരിലും യുവാക്കളുടെ ഇടയിൽ ലഹരിമുക്ത നാട് എന്ന കാമ്പയിനുമായി 'എന്റെ ക്ലബിലേക്ക്' എന്ന പേരിലുമുള്ള പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Manjeswaram People's Development Project started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.