കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൽ തർക്കവും വിവാദവുമുണ്ടായതിന് പിന്നാലെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. തർക്കത്തെ തുടർന്ന് രണ്ടു മാസമായി ഹൈമാസ്റ്റ് ലൈറ്റ് ഉപകരണങ്ങൾ റോഡരികിൽ കിടന്നത് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ലൈറ്റ് സ്ഥാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭ 40ാം വാർഡിൽ കുശാൽ നഗറിന് സമീപം ഇല്യാസ് നഗറിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
40, 39, 37 വാർഡുകളിൽ ലൈറ്റ് സ്ഥാപിക്കാനായിരുന്നു അനുമതി ലഭിച്ചത്. മറ്റു രണ്ട് വാർഡുകളിലും ലൈറ്റുകൾ നേരത്തെ സ്ഥാപിച്ചെങ്കിലും 40ാം വാർഡിൽ തർക്കത്തെ തുടർന്ന് സ്ഥാപിക്കാനായില്ല. കരാറുകാരും നഗരസഭ ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർ മുസ് ലിം ലീഗിലെ സി.എച്ച്. സുബൈദയടക്കം സ്ഥലത്തെത്തി ലൈറ്റ് സ്ഥാപിക്കാൻ നടപടി ആരംഭിച്ചിരുന്നു.
എന്നാൽ, ഇവിടെ ലൈറ്റ് സ്ഥാപിക്കുന്നതിനെ മുസ് ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിലുള്ള ചിലർ എതിർത്തു. തുടർന്ന് റോഡിന്റെ മറുഭാഗം ലൈറ്റ് സ്ഥാപിക്കുന്നതിന് കരാറുകാർ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഫൗണ്ടേഷൻ സ്ഥാപിച്ചതിന് പിന്നാലെ കരാറുകാരോ നഗരസഭയോ അറിയാതെ മണ്ണുമാന്തിയും ക്രെയിനും ഉപയോഗിച്ച് ഫൗണ്ടേഷൻ ഇളക്കിയെടുത്ത് ആദ്യം പറഞ്ഞ സ്ഥലത്ത് സ്ഥാപിച്ചു. ആദ്യം ഫൗണ്ടേഷൻ സ്ഥാപിച്ചിടത്ത് കെട്ടിടം നിർമിക്കണമെന്ന് പറഞ്ഞായിരുന്നു ഇത്.
എന്നാൽ, അനുമതിയില്ലാതെ ഫൗണ്ടേഷൻ മാറ്റിസ്ഥാപിച്ച സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കരാറുകാർ തയാറായില്ല. തുടർന്ന് ഉപകരണങ്ങൾ റോഡരികിൽ അനാഥാവസ്ഥയിലായി. നിലവിൽ ഫൗണ്ടേഷനുള്ള സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ നഗരസഭ സെക്രട്ടറിക്കും കലക്ടർക്കും അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞദിവസം കരാറുകാരെത്തി ലൈറ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനം അടുത്തദിവസം നടക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.