കുഷ്ഠരോഗം; ജില്ലയിൽ രോഗബാധിതരുടെ നിരക്കിൽ വർധന

കാസർകോട്: സംസ്ഥാനത്ത് കുഷ്ഠരോഗം ഏറ്റവും കൂടുതൽ ബാധിച്ചത് പാലക്കാട്ടെന്ന് റിപ്പോർട്ട്. കുറവ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും കൊല്ലത്തും. ഇതിൽതന്നെ 17 കുട്ടികൾക്ക് രോഗം ബാധിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കിലുണ്ട്. നവംബർ 2025 വരെയുള്ള കണക്കുകളാണിത്.

രോഗനിർമാർജന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, കാസർകോട് ജില്ലയിൽ ജാഗ്രതക്കുറവുണ്ടായെന്ന വിമർശനവുമുണ്ട്. കുട്ടികളടക്കം 32 പേരാണ് രോഗബാധിതരായിട്ടുള്ളത്. കാസർകോട്ട് രോഗബാധിതരുടെ നിരക്ക് ആറു മുതൽ 12 ശതമാനംവരെ വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ജില്ലയിൽ കാസർകോട് മുനിസിപ്പാലിറ്റിയിലാണ് കൂടുതൽ. രണ്ടാമത് കാഞ്ഞങ്ങാട്ട്. കുമ്പളയിലാണ് ജില്ലയിൽ രോഗം കൂടുതലായുള്ളത്. ഇവിടെ വർഷംതോറും കൂടുന്നതായാണ് ആരോഗ്യവകുപ്പുതന്നെ പറയുന്നത്. ജില്ലകളിലുടനീളം ലെപ്രസി യൂനിറ്റുകൾ തുടങ്ങുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നു. അതേസമയം, അന്തർസംസ്ഥാന തൊഴിലാളികളിൽനിന്ന് വ്യാപകമായി രോഗം പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെറിയൊരു പ്രദേശത്ത് നിരവധിപേർ തിങ്ങിപ്പാർക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു.

വായുവിലൂടെയാണ് രോഗം പടരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലും മുഖത്തുമുണ്ടാകുന്ന പാടുകളും തൊട്ടാൽ അറിയാത്ത അവസ്ഥയുമാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണം.കാസർകോട് ജില്ലയിൽ ഇതിന്റെ ബോധവത്കരണം ‘അശ്വമേധം 7.0’ ബുധനാഴ്ച തുടങ്ങും. രണ്ടാഴ്ച നീളുന്ന ഭവനസന്ദർശനത്തിന് മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണം തേടും. ആശാപ്രവർത്തകയും പുരുഷ വളന്റിയറും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും.

ഇവരുടെ റിപ്പോർട്ടുകൾ പ്രകാരം വിദഗ്ധചികിത്സയും നൽകും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. കുഷ്ഠരോഗ നിർണയത്തിന് 947 അംഗ ടീമാണ് ഇറങ്ങുക. ഏഴുമുതൽ 20വരെയാണ് ഭവനസന്ദർശനം. ചികിത്സക്കാലയളവ് ആറുമാസമാണ്. എല്ലാവർഷവും മാർച്ച് 30നാണ് ഇതിന്റെ കണക്കെടുപ്പ് നടക്കുക

Tags:    
News Summary - Leprosy cases increase in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.